ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിങ് റാവത്ത് രാജിവച്ചു

0
72

 

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിങ് റാവത്ത് രാജിവച്ചു. ഗവർണർ ബേബി റാണി മൗര്യക്ക് രാജിക്കത്ത് സമർപ്പിച്ചശേഷം അദ്ദേഹം തന്നെയാണ് രാജിക്കാര്യം അറിയിച്ചത്.

വെള്ളിയാഴ്ച രാത്രിയാണ് രാജി സമർപ്പിച്ചത്. മുഖ്യമന്ത്രിയായി ആറ് മാസത്തിനുള്ളിലാണ് രാജി. കഴിഞ്ഞ മാർച്ചിലാണ് ഇദ്ദേഹം ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്.

ഗവർണറെ കാണുന്നതിനു മുമ്പ് റാവത്ത് ജെ പി നദ്ദക്ക് തന്റെ രാജിക്കത്ത് സമർപ്പിച്ചിരുന്നു. അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്നതിനുവേണ്ടി ബിജെപി പാർലമെന്ററി പാർട്ടി നാളെ ഡറാഡൂണിൽ യോഗം ചേരും. മൂന്ന് ദിവസമായി റാവത്ത് ഡൽഹിയിൽ ബിജെപി നേതാക്കളുമായി പല തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്നാണ് അദ്ദേഹത്തോട് രാജിവയ്ക്കാൻ ബിജെപി നേതൃത്വം ആവശ്യപ്പെട്ടത്

ഭരണഘടന പ്രതിസന്ധി ഒഴിവാക്കുന്നതിനാണ് രാജി എന്നാണ് സൂചന. ലോക്‌സഭ എംപിയായിരിക്കെ തന്നെയാണ് ഇദ്ദേഹം മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. ആറ് മാസത്തിനുള്ളിൽ ഇദ്ദേഹം നിയമസഭ അംഗത്വം നേടണമെന്നാണ് ചട്ടം.

കോവിഡ് പശ്ചാത്തലത്തിൽ ഉപതെരഞ്ഞെടുപ്പ് നീണ്ടുപോകുന്നതിനാൽ ചട്ടം പാലിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. അതുകൊണ്ടാണ് രാജിയെന്നാണ് സൂചന. 70 ൽ 57 സീറ്റ് നേടി ബിജെപിയാണ് ഉത്തരാഖണ്ഡിലെ ഭരണകക്ഷി.