സംസ്ഥാന തൊഴിൽ ആരോഗ്യ സുരക്ഷിതത്വ കർമ്മ പദ്ധതി പരിഗണനയിൽ: മന്ത്രി വി. ശിവൻകുട്ടി

0
72

 

 

അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായി ചേർന്ന് സംസ്ഥാന തൊഴിൽ ആരോഗ്യ സുരക്ഷിതത്വ കർമ്മ പദ്ധതി തയ്യാറാക്കുന്നത് പരിഗണനയിലാണെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

തിരുവനന്തപുരത്ത് ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പിന്റെ സേഫ്റ്റി അവാർഡുകൾ വിതരണം ചെയ്യുകയായിരുന്നു മന്ത്രി. ചെറുകിട -ഇടത്തരം മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ അപകടങ്ങളിൽ നിന്നും തൊഴിൽജന്യ രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനുവേണ്ടി വൈസ് (WISE) എന്ന പദ്ധതി അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായി ചേർന്ന് നടപ്പാക്കാനും വകുപ്പ് ആലോചിക്കുന്നുണ്ട്.

2030 ഓടെ തൊഴിലിടങ്ങളിൽ അപകടങ്ങളും തൊഴിൽജന്യരോഗങ്ങളും ഇല്ലാതാക്കുക എന്നതാണ് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം. കൂടാതെ 2010-ലെ ദേശീയ നയത്തിന്റെ വിവിധ ലക്ഷ്യങ്ങളിൽ മുഖ്യലക്ഷ്യം വ്യവസായശാലകളിലെ തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷിതത്വം, ക്ഷേമം എന്നിവ ഉറപ്പുവരുത്തുകയാണ്.

ആഗോളതലത്തിൽ ഉണ്ടായിട്ടുള്ള ‘വിഷൻ സീറോ ആക്സിഡന്റ്‌സ്’ എന്ന ലക്ഷ്യം മുൻനിർത്തി എല്ലാ രാജ്യങ്ങളും അതിനാവശ്യമായ തൊഴിൽ ആരോഗ്യ സുരക്ഷിതത്വ നടപടികൾ സ്വീകരിക്കേണ്ടതായി വരുന്നുണ്ട്. ഈ ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായിട്ടാണ് നമ്മുടെ സംസ്ഥാനത്ത് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് എല്ലാ വർഷവും ദേശീയ സുരക്ഷിതത്വ ദിനത്തോടനുബന്ധിച്ച് സുരക്ഷിതത്വത്തിൽ ഉന്നതനിലവാരം പുലർത്തുന്ന വ്യവസായശാലകൾക്കും ജീവനക്കാർക്കും വിവിധ കാറ്റഗറികളിലായി സേഫ്റ്റി അവാർഡുകൾ നൽകുന്നത്.

ഓരോ വ്യവസായ ശാലയും പ്രവർത്തിക്കുന്ന സാഹചര്യവും വ്യവസായ അന്തരീക്ഷവും വ്യത്യസ്തമാണ്. അപകടരഹിതമായി പ്രവർത്തിക്കാൻ ധാരാളം അധ്വാനവും പ്രത്യേക ശ്രദ്ധയും ഓരോ ഫാക്ടറിയിലും ഉണ്ടാകേണ്ടതുണ്ട്. അതിനു പ്രോത്സാഹനം നൽകേണ്ടത് സർക്കാരിന്റെ കടമയാണെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിൽ ചെറുതും വലുതുമായി 29,459-ൽ അധികം ഫാക്ടറികൾ, ഫാക്ടറി നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട്. വ്യത്യസ്തമായ നിർമ്മാണ പ്രക്രിയകൾ ഉള്ളതും അത്യധികം അപകട സാധ്യതയുള്ളതുമായ ഫാക്ടറികളും ഇക്കൂട്ടത്തിലുണ്ട്. എണ്ണത്തിൽ വളരെ വ്യത്യസ്തത പുലർത്തുന്ന ഫാക്ടറികൾ അവാർഡിനായി പരിഗണിക്കുമ്പോൾ ഒരേ മാനദണ്ഡം ഉപയോഗിക്കുന്നത് നീതിയുക്തമല്ല. അതിനാൽ അവാർഡിന് പരിഗണിക്കുന്നതിനായി ജോലിക്കാരുടെ എണ്ണം അനുസരിച്ച് ഫാക്ടറികളെ അഞ്ച് വിഭാഗങ്ങളായി തരംതിരിച്ചിരിച്ചാണ് അവാർഡിനായി പരിഗണിക്കുന്നത്.

2020 ലെ സുരക്ഷാമികവിന്റെ അടിസ്ഥാനത്തിൽ 27 ഫാക്ടറികളാണ് അവാർഡിന് അർഹരായത്. ഓരോ മേഖലയിലും അപകടരഹിതമായി പ്രവർത്തിക്കുന്ന ഏറ്റവും മികച്ച ഫാക്ടറികൾക്കാണ് സുരക്ഷാ അവാർഡ് നൽകിവരുന്നത്. ഇതിലൂടെ വൻകിട ഫാക്ടറികളും ചെറുകിട ഫാക്ടറികളും വ്യത്യസ്ത നിർമ്മാണ പ്രക്രിയയിൽ ഉൾപ്പെടുന്ന ഫാക്ടറികളും അവാർഡിന്റെ പരിധിയിൽ വരുന്നു.

സുരക്ഷാബോധവത്കരണ മികവിന്റെ അടിസ്ഥാനത്തിൽ സേഫ്റ്റി കമ്മിറ്റി, സേഫ്റ്റി ഓഫീസർ, വെൽഫെയർ ഓഫീസർ, മെഡിക്കൽ ഓഫീസർ, സേഫ്റ്റി വർക്കർ, ഗസ്റ്റ് വർക്കർ എന്നീ വ്യക്തിഗത കാറ്റഗറിയിലും അവാർഡ് നൽകുന്നുണ്ട്. അവാർഡുകൾ ഗതാഗത മന്ത്രി ആന്റണി രാജു, മുൻ എംപിയും ദേശീയ സുരക്ഷാ കൗൺസിൽ കേരളഘടകം വൈസ് ചെയർമാനുമായ കെ ചന്ദ്രൻപിള്ള തുടങ്ങിയവരുടെ സാന്നിധ്യത്തിൽ മന്ത്രി വി ശിവൻകുട്ടി വിതരണം ചെയ്തു.

സർക്കാർ നയത്തിന്റെ അടിസ്ഥാനത്തിൽ വ്യവസായശാലകളിലും വാണിജ്യസ്ഥാപനങ്ങളിലും ഗ്രേഡിംഗ് സമ്പ്രദായം നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വ്യവസായശാലകളിലെ തൊഴിലാളികളുടെ സുരക്ഷിതത്വം, ആരോഗ്യം, ക്ഷേമം എന്നിവ വിലയിരുത്തി പ്ലാറ്റിനം, ഡയമണ്ട്, ഗോൾഡൻ, സിൽവർ, ബ്രോൺസ് എന്നീ കാറ്റഗറികളിലായി ഗ്രേഡിംഗ് സമ്പ്രദായം നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനതല ഗ്രേഡിംഗ് സർട്ടിഫിക്കറ്റ് വിതരണവും നിർവഹിച്ചു.