ഓൺലൈനിൽ കൂടുതൽ സംവാദാത്മക പഠനാന്തരീക്ഷം ഒരുക്കാൻ ശ്രമിക്കും- മുഖ്യമന്ത്രി

0
86

കൂടുതൽ സംവാദാത്മക പഠനാന്തരീക്ഷം ഓൺലൈനിൽ ഒരുക്കാൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന വിവിധ രാജ്യങ്ങളിലെ പ്രമുഖ പ്രവാസി വ്യവസായികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഡിജിറ്റൽ വിദ്യഭ്യാസത്തിനുള്ള ശ്രമം കേരളത്തിൽ ആരംഭിച്ചു കഴിഞ്ഞു. നിലവിലുള്ള ഡിജിറ്റൽ വിദ്യാഭ്യാസത്തിന് പരിമിതികളുണ്ട്. സംവാദാത്മകമല്ല എന്നതാണ് പ്രധാന പരിമിതി. കുട്ടികൾക്ക് അവരുടെ അഭിപ്രായം പ്രകടിപ്പിക്കാനും സംശയ നിവാരണത്തിനും അവസരം കിട്ടുന്നില്ല.

ഈ നില മാറി കൂടുതൽ സംവാദാത്മക പഠനാന്തരീക്ഷം ഓൺലൈനിൽ ഒരുക്കാനാണ് ശ്രമം. അപ്പോൾ സാധാരണ നിലക്ക് ക്ലാസിൽ ഇരിക്കുന്ന അനുഭവം കുട്ടിക്ക് ഉണ്ടാവും.

ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന ആശയം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളുമായാണ് സർക്കാർ മുന്നോട്ടു പോകുന്നത്.

കണക്റ്റിവിറ്റി ഇല്ലാത്ത പ്രദേശങ്ങളിൽ കുട്ടികൾക്ക് പ്രയാസമുണ്ടാകും. അത് പരിഹരിക്കാൻ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരുമായി ആലോചന നടത്തി കാര്യങ്ങൾ ചെയ്തു വരികയാണ്. അപൂർവം ചില സ്ഥലങ്ങളിൽ പൊതു പഠനമുറി സജ്ജീകരിക്കേണ്ടിവരും.

ഒരു സ്കൂളിൽ എത്ര ഡിജിറ്റൽ ഉപകരണങ്ങൾ ആവശ്യമാണെന്ന് കൃത്യമായ കണക്കെടുക്കും. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും കണക്ക് ക്രോഡീകരിക്കും. ഡിജിറ്റൽ പഠനത്തിന് കുട്ടികൾക്കാവശ്യമായ പൂർണ പിന്തുണ രക്ഷിതാക്കളും നൽകണം.

രക്ഷാകർത്താക്കൾക്കും ഡിജിറ്റൽ ശാക്തീകരണം നടത്തും. അധ്യാപകർക്ക് ഓൺലൈൻ വിദ്യാഭ്യാസം നടത്താനാവശ്യമായ പരിശീലനം ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ പ്രവാസി വ്യവസായികളും യോഗത്തിൽ സർക്കാരിന് പൂർണപിന്തുണ പ്രഖ്യാപിച്ചു.

ചീഫ് സെക്രട്ടറി ഡോ. വി. പി ജോയ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. അബ്രഹാം, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, ഐ.ടി. പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ,

എം എ യൂസഫലി, ഡോ. രവി പിള്ള, ഡോ. ആസാദ് മൂപ്പൻ, ഡോ. എം അനിരുദ്ധൻ, ഒ.വി. മുസ്തഫ, സി.വി. റപ്പായി, ജെ കെ മേനോൻ, യു.എ നസീർ, ഡോ. പി മുഹമ്മദലി, ഡോ. മോഹൻ തോമസ്, അദീബ് അഹമ്മദ്, കെ വി ഷംസുദ്ദീൻ, ഡോ. സിദ്ദിഖ് അഹമ്മദ്, രവി ഭാസ്കരൻ, നാസർ, കെ. മുരളീധരൻ, രാമചന്ദ്രൻ ഒറ്റപ്പാത്ത്, സുനീഷ് പാറക്കൽ, മുഹമ്മദ് അമീൻ തുടങ്ങിയവർ സംസാരിച്ചു.