‘കേരള സർക്കാർ നൽകുന്നത് വലിയ പിന്തുണ ‘ സംസ്ഥാനം വ്യവസായ സംരംഭങ്ങൾക്കെതിരെന്ന വാദങ്ങൾ തള്ളി വ്യവസായി ഹർഷ് ഗോയെങ്ക

0
77

 

കേരള സർക്കാർ വ്യവസായ സംരംഭങ്ങൾക്കെതിരെന്ന വാദങ്ങൾ തള്ളി ആർ.പി.ജി. ഗ്രൂപ്പ് ചെയർമാനും വ്യവസായിയുമായ ഹർഷ് വർധൻ ഗോയെങ്ക. കേരള സർക്കാർ വ്യവസായ സംരംഭങ്ങളുമായി സഹകരിക്കുന്നവരാണെന്ന് സാമ്പത്തിക വിദഗ്ധയായ പ്രൊഫ. ഷാമിക രവിയ്ക്ക് ട്വിറ്ററിൽ മറുപടി നൽകി.

കിറ്റെക്‌സ് ഗ്രൂപ്പ് കേരളത്തിലെ വ്യവസായ പദ്ധതി ഉപേക്ഷിക്കാൻ കാരണം സർക്കാരിന്റെ പീഡനം മൂലമാണെന്ന് ആരോപണമുണ്ടെന്ന് കുറിപ്പുമായി വലതുപക്ഷ മാഗസിനായ സ്വരാജ്യ ഒരു ലേഖനം ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് റീ ട്വീറ്റ് ചെയ്ത് കൊണ്ടായിരുന്നു പ്രൊഫ. ഷാമികയുടെ പ്രതികരണം. ഇതിന് മറുപടി നൽകുകയായിരുന്നു ഹർഷ് ഗോയെങ്ക.

 

‘കേരളത്തിൽ എന്തുകൊണ്ടാണ് തൊഴിലില്ലായ്മ നിരക്ക് ഇത്രയധികം വർധിക്കുന്നതെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുള്ളവർ വായിച്ചിരിക്കേണ്ട കേസ് സ്റ്റഡിയാണിത്,’ എന്നായിരുന്നു ഷാമികയുടെ ട്വീറ്റ്. എന്നാൽ ‘ഞങ്ങളാണ് കേരളത്തിലെ ഏറ്റവും വലിയ തൊഴിൽദാതാക്കൾ. കേരള സർക്കാർ മികച്ച പിന്തുണ നൽകുന്നവരായിട്ടാണ് ഞങ്ങൾക്ക് അനുഭവപ്പെട്ടിട്ടുള്ളത്,’ എന്നായിരുന്നു ഹർഷ് ഗോയെങ്കയുടെ ട്വീറ്റ്.

അതേസമയം വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലുള്ള പരിശോധനകളൊന്നും കിറ്റെക്‌സിൽ നടന്നിട്ടില്ലെന്നും മറ്റ് ചില വകുപ്പുകളുടേയും സെക്ടർ മജിസ്‌ട്രേറ്റിന്റേയും പരിശോധനയാണ് നടന്നതെന്നും മന്ത്രി പി. രാജീവ് പറഞ്ഞിരുന്നു.

കിറ്റെക്‌സ് ഉന്നയിച്ച പരാതികൾ പരിശോധിക്കാൻ വ്യവസായ വകുപ്പ് സെക്രട്ടറിയെ അപ്പോൾ തന്നെ ചുമതലപ്പെടുത്തുകയും ചെയ്‌തെന്നും നിയമപ്രകാരം വ്യവസായ സംരംഭങ്ങൾ ആരംഭിക്കാനും നടത്താനും ആഗ്രഹിക്കുന്ന ആർക്കും സംസ്ഥാന സർക്കാർ പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.