ജർമനിയിൽ മലയാളി വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. കീൽ ക്രിസ്റ്റ്യാൻ ആൽബ്റെഷ്ട് യൂണിവേഴ്സിറ്റിയിൽ ബയോമെഡിക്കൽ വിഭാഗത്തിൽ മെഡിക്കൽ ലൈഫ് സയൻസിൽ പഠിക്കുന്ന നിതിക ബെന്നി (22) മുടക്കമ്പുറത്തെയാണ് സ്റ്റുഡൻറ് ഹോസ്റ്റലിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം കടുത്തുരുത്തി അപ്പാഞ്ചിറ സ്വദേശിനിയാണ്.
നിതികയെ കാണാതിരുന്നതിനെ തുടർന്ന് മലയാളി സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ് ഹോസ്റ്റലിലെ സ്വന്തം മുറിയിലെ കിടക്കയിൽ മൃതദേഹം കണ്ടെത്തിയത്. ഉടൻതന്നെ എമർജൻസി വിഭാഗത്തിലെ ഡോക്ടറെ അറിയിക്കുകയും തുടർന്ന് പോലീസ് എത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ബുധനാഴ്ച രാത്രിയിൽ മരണം സംഭവിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തൽ. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാലേ മരണ കാരണം സ്ഥിരീകരിക്കാനാവു. ജർമനിയിലെ പോലീസ് നടപടികൾ പൂർത്തിയായെങ്കിൽ മാത്രമേ മറ്റു നടപടികൾ തീരുമാനിക്കു.
ആറ് മാസം മുമ്പാണ് പെൺകുട്ടി ജർമനിയിൽ മാസ്റ്റർ ബിരുദ പഠനത്തിനായി എത്തിയത്. മറ്റൊരു ഇന്ത്യക്കാരി വിദ്യാർഥിനിക്കൊപ്പമാണ് താമസിച്ചിരുന്നത്. നിതികയുടെ മരണ വിവരം കീൽ പോലീസ് ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.
12 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് 2021 ലെ സമ്മർ സെമസ്റ്ററിൽ നിതികയ്ക്കൊപ്പം കീൽ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നത്.