സൈനികാഭ്യാസവും വർണാഭമായ പരിപാടികളുമായി സിപിസി ശതവാർഷിക ആഘോഷസമാപനം

0
74

 

ചൈനയുടെയും ചൈനീസ്‌ കമ്യൂണിസ്‌റ്റ്‌ പാർടിയുടെയും(സിപിസി) കരുത്തിന്റെ കാഹളമായി പാർടി ശതാബ്ദി ആഘോഷ സമാപനം. സൈനികാഭ്യാസവും വർണാഭമായ പരിപാടികളുമായി ചരിത്ര മുഹൂർത്തം അവിസ്മരണീയമായി.

71 വർഷം പിന്നിട്ട റിപബ്ലിക്കിന്റെ സൈനികശക്തി വിളിച്ചോതി 71 വിമാനം അണിനിരന്ന വ്യോമാഭ്യാസത്തോടെയാണ്‌ ആഘോഷം തുടങ്ങിയത്‌. ഏറ്റവും പുതിയ 20 സ്‌റ്റെൽത് ജെറ്റ്‌ വിമാനങ്ങളും ഹെലികോപ്ടറുകളും പരിശീലന പോർ വിമാനങ്ങളും കാഴ്‌ചയുടെ വസന്തം സമ്മാനിച്ചു.

100 വർഷം മുമ്പ്‌ പാർടി സ്ഥാപന വേളയിലെ മൗ സെ ദൊങ്ങിനെ അനുസ്മരിപ്പിക്കും വിധം ചാരനിറത്തിലുള്ള സ്യൂട്ടണിഞ്ഞാണ്‌ ഷി ജിൻപിങ്‌ ടിയാനൻമെൻ ഗേറ്റിന്റെ മട്ടുപ്പാവിൽ എത്തിയത്‌. ജനകീയ റിപ്പബ്ലിക്കിന്റെ സ്ഥാപകനായ മൗവിന്റെ കൂറ്റൻ ചിത്രത്തിന്ന്‌ മുന്നിൽ, വർത്തമാന ചൈനയെ രൂപപ്പെടുത്തുന്നതിൽ മഹത്തായ പങ്ക്‌ വഹിച്ച നേതാക്കൾ ഓരോരുത്തരെയും പ്രത്യേകം പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ മണിക്കൂറിലേറെ നീണ്ട പ്രസംഗം.

സിപിസി മുൻ നേതാക്കൾ ഹു ജിന്താവോ, വെൻ ജിയാബോ എന്നിവരും പങ്കെടുത്തു. മുൻ ജനറൽ സെക്രട്ടറി ജിയാങ്‌ സെമിൻ, സു റോങ്‌ജി എന്നിവർക്ക്‌ പ്രായാധിക്യം മൂലം എത്താനായില്ല. അതേസമയം ഇന്ത്യയടക്കം ചില രാജ്യങ്ങളിൽ ചൈനാവിരുദ്ധർ സിപിസിക്കെതിരെ പ്രകടനം നടത്തി.