ജനങ്ങൾക്ക് സഹായം ലഭ്യമാക്കാൻ പരിശ്രമിക്കും: മന്ത്രി വീണാ ജോർജ്

0
106

 

ജനങ്ങൾക്ക് സഹായം ലഭ്യമാക്കാൻ സർക്കാർ പരിശ്രമിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജനങ്ങൾക്ക് ഗുണം ലഭിക്കുന്ന ഒന്നിനും സർക്കാർ തടസം നിൽക്കില്ല. ഡബ്ല്യു.എച്ച്.ഒ.യുടേയും ഐ.സി.എം.ആറിന്റേയും മാർഗനിർദേശങ്ങൾ അനുസരിച്ചാണ് സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ച് വരുന്നത്.

ജില്ലാതല വികേന്ദ്രീകൃത ഓൺലൈൻ സംവിധാനത്തിലൂടെയാണ് സംസ്ഥാനത്തിപ്പോൾ കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നത്. റിയൽ ടൈം എൻട്രി സംവിധാനമാണിതിലുള്ളത്. ഏത് ആശുപത്രിയിലാണോ മരണം സംഭവിക്കുന്നത് അവിടെ നിന്നും ഡോക്ടർമാർ ഓൺലൈൻ മുഖേനയാണ് റിപ്പോർട്ട് ചെയ്യുന്നത്.

ഇത് ജില്ലാതലത്തിൽ പരിശോധിച്ച് 24 മണിക്കൂറിനകം സ്ഥിരീകരിക്കുന്നു. ആശുപത്രികൾക്ക് പരിശീലനം നൽകി കൃത്യമായാണ് ഇത് നടക്കുന്നത്. നിലവിൽ കോവിഡ് മരണങ്ങളെ പറ്റി സർക്കാരിന് പരാതി കിട്ടിയിട്ടില്ല. നേരത്തെ ഏതെങ്കിലും ഒറ്റപ്പെട്ട മരണം വിട്ടുപോയിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മരണം റിപ്പോർട്ട് ചെയ്യുന്നത് കൂടുതൽ സുതാര്യമാക്കുന്നതിനാണ് ഓൺലൈൻ സമ്പ്രദായം സ്വീകരിച്ചത്. കൃത്യമായി ആശുപത്രിയിൽ നിന്ന് ഓൺലൈൻ വഴി മരണം റിപ്പോർട്ട് ചെയ്തു വരുന്നു. നേരത്തെയും ഐ.സി.എം.ആർ. ഗൈഡ് ലൈൻ അനുസരിച്ച് തന്നെയായിരുന്നു മരണം റിപ്പോർട്ട് ചെയ്തിരുന്നത്. ഐ.സി.എം.ആറിന്റെ പുതിയ ഗൈഡ്‌ലൈൻ വന്നാൽ സംസ്ഥാനവും മാറ്റുന്നതാണ്. മരണങ്ങൾ ഒളിച്ച് വയ്‌ക്കേണ്ട കാര്യം സർക്കാരിനില്ല. ഡോക്ടർമാർ തന്നെയാണ് മരണ കാരണം നിർണയിക്കുന്നതും അത് സ്ഥിരീകരിക്കുന്നതും.

പ്രതിപക്ഷ നേതാവ് മുന്നോട്ട് വച്ച നിർദേശങ്ങളും പരിശോധിക്കും. ജനങ്ങൾക്ക് സഹായം കിട്ടുന്നതിന് ആവശ്യമായ നിലപാട് സ്വീകരിക്കും. അതിനായി എല്ലാവരും ഒന്നിച്ച് നിൽക്കേണ്ടതാണ്. മുൻകാലങ്ങളിലെ മരണവും കോവിഡ് വന്ന കാലയളവിലെ മരണവും തമ്മിൽ താരതമ്യപ്പെടുത്തുന്നതും പരിശോധിക്കുന്നതാണ്.

നമ്മുടെ നാട്ടിലെ എല്ലാവർക്കും പരമാവധി ആനുകൂല്യം ലഭിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സംസ്ഥാനത്ത് കോവിഡ് മഹാമാരിമൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് ധനസഹായം അനുവദിച്ച് സംസ്ഥാന വനിത ശിശുവികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. വനിതാശിശു വികസന വകുപ്പിന്റെ ഫണ്ടിൽ നിന്നും 2000 രൂപ വീതം, കുട്ടിക്ക് 18 വയസ് ആകുന്നതുവരെ കുട്ടിയുടെയും കുട്ടിയുടെ ഇപ്പോഴത്തെ രക്ഷിതാവിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേയ്ക്ക് മാസം തോറും നിക്ഷേപിക്കുന്നതാണ്.

ഈ കുട്ടികളുടെ പേരിൽ 3 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും തുടങ്ങും. ഇത്തരത്തിൽ 80 കുട്ടികളാണുള്ളത്. കോവിഡ് അനുബന്ധ രോഗമുള്ളവരെക്കൂടി ഈ വിഭാഗത്തിൽ ഉൾപ്പെടുത്താനാണ് ശ്രമിക്കുന്നത്. കോവിഡ് വന്നതിന് ശേഷം കുറച്ച് കാലം കഴിഞ്ഞ് രക്ഷാകർത്താക്കൾ മരണമടഞ്ഞാലും അവരുടെ കുട്ടികൾക്കും ആനുകൂല്യം അനുവദിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.