കോവിഡ് : കുട്ടികളുടേയും നവജാത ശിശുക്കളുടേയും തീവ്ര പരിചരണം ഉറപ്പാക്കുന്നതിന് ‘കുരുന്ന്-കരുതൽ’

0
100

 

സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗം മുന്നിൽ കണ്ട് കുട്ടികളുടേയും നവജാത ശിശുക്കളുടേയും തീവ്ര പരിചരണം ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള “കുരുന്ന്-കരുതൽ’ വിദഗ്‌ധ പരിശീലന പരിപാടി. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു.

മെഡിക്കൽ കോളേജുകൾ കേന്ദ്രമാക്കി, അവിടത്തെ ശിശുരോഗ വിഭാഗത്തിൽ അതാത് ജില്ലകളിലും അനുബന്ധ ജില്ലകളിലുമുള്ള ശിശുരോഗ വിദഗ്ധർക്കും നഴ്‌സുമാർക്കുമുള്ള ഒരു ഓൺസൈറ്റ് പരിശീലന പരിപാടിയാണ് ‘കുരുന്ന്-കരുതൽ’.

കുട്ടികളിലെ കോവിഡും കോവിഡാനന്തര പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി സംസ്ഥാനത്തെ ആശുപത്രികൾ സജ്ജമാക്കി വരുന്നതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. ചികിത്സയ്ക്ക് അധികമായി ആവശ്യമായി വരാവുന്ന കുട്ടികളുടെ കിടക്കകൾ, അത്യാവശ്യമായ ഓക്‌സിജൻ സംവിധാനങ്ങൾ, വെന്റിലേറ്ററുകൾ, നിരീക്ഷണ ഉപകരണങ്ങൾ, എന്നിവ ദ്രുതഗതിയിൽ ആശുപത്രികളിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്.

ഈ സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകരെ കുട്ടികളുടെ അത്യാഹിത തീവ്ര പരിചരണ വിഭാഗങ്ങളിലെ ചികിത്സക്കായി സജ്ജരാക്കുന്നതിനാണ് കുരുന്ന്-കരുതൽ ആവിഷ്‌ക്കരിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

ഇതിന്റെ ആദ്യഘട്ട പരിശീലനപരിപാടി തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിൽ ആരംഭിച്ചു. മൂന്നു ദിവസം നീളുന്ന ഈ പരിശീലന പരിപാടിയിൽ അത്യാഹിതവിഭാഗം, തീവ്രപരിചരണ വിഭാഗം, നവജാത ശിശു വിഭാഗം എന്നീ മേഖലകളിൽ അവശ്യമായ നൈപുണ്യം നേടിയെടുക്കാൻ സാധിക്കും. തുടർന്ന് മറ്റ് ജില്ലകളിലെ മെഡിക്കൽ കോളേജുകളിലെ ശിശുരോഗ വിഭാഗത്തിലെ വിദഗ്ധരുടെ നേതൃത്വത്തിൽ അതത് ജില്ലകളിലെ പരിശീലന പരിപാടി നടക്കുന്നതാണ്.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംലാ ബീവി, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി.ആർ. രാജു, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സാറ വർഗീസ് എന്നിവർ പങ്കെടുത്തു.