കരിങ്കടലിൽ ഡച്ച് പോർക്കപ്പലിനെ വിരട്ടി റഷ്യൻ പോർവിമാനങ്ങൾ

0
79

 

ഹേഗ്:കരിങ്കടലിൽവെച്ച് റഷ്യൻ പോർവിമാനങ്ങൾ തങ്ങളുടെ പോർക്കപ്പലിനെ പ്രകോപിപ്പിച്ചെന്ന് നെതർലൻഡ്സ്. കഴിഞ്ഞ വ്യാഴാഴ്ച ക്രിമിയയുടെ തെക്കുകിഴക്കുഭാഗത്തുവെച്ച് നെതർലൻഡ്സിന്റെ എച്ച്.എൻ.എം.എൽ.എസ്. എവെർസ്റ്റെൻ കപ്പലിനുനേരെയാണ് പ്രകോപനമുണ്ടായത്. റഷ്യൻവിമാനങ്ങൾ അഞ്ചുമണിക്കൂറോളം അപകടകരമാംവിധം താഴ്ന്നുപറന്ന് കപ്പലിനുസമീപമെത്തിയെന്നും ആക്രമിക്കാനെന്നമട്ടിലായിരുന്നു വരവെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. തുടർച്ചയായി തങ്ങളെ ‘പരിഹസി’ക്കുകയായിരുന്നു റഷ്യ. മാന്യതയില്ലാത്ത ഈ പെരുമാറ്റത്തെക്കുറിച്ച് റഷ്യയെ അറിയിക്കും. കരിങ്കടലിലൂടെ സഞ്ചരിക്കാനുള്ള അവകാശം നെതർലൻഡ്സിനുണ്ടന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, അതിർത്തിലംഘിക്കാതിരിക്കാനുള്ള മുൻകരുതലെന്നനിലയ്ക്കാണ് അങ്ങനെ ചെയ്തതെന്ന് റഷ്യ പ്രതികരിച്ചു. കഴിഞ്ഞയാഴ്ച ബ്രിട്ടന്റെ എച്ച്.എം.എസ്. ഡിഫൻഡിനുനേരെയും റഷ്യൻവിമാനങ്ങൾ മുന്നറിയിപ്പുവെടിവെച്ചിരുന്നു. എന്നാൽ, ബ്രിട്ടനൊപ്പം യു.എസ്. വിമാനങ്ങളുമുണ്ടായിരുന്നെന്നും തങ്ങളുടെ അതിർത്തിലംഘിച്ച് പ്രകോപനമുണ്ടാക്കിയതാണ് വെടിവെക്കാൻ കാരണമെന്നും പുതിൻ പറഞ്ഞു.