അനിരുദ്ധ്.പി.കെ
സംസ്ഥാനത്ത് ഇതുവരെ കോവിഡ് റിപ്പോർട്ട് ചെയ്യാത്ത ആദിവാസി ഊരിലേക്ക് എം പി യുടെ സഹായത്തോടെ വ്ലോഗ്ഗർ സുജിത് ഭക്തൻ നടത്തിയ യാത്ര വിവാദമായി. സംഭവത്തിൽ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിവാദ യാത്രയിൽ വനം വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്. കോവിഡ് സാഹചര്യം നിലനിൽക്കെ വിനോദ സഞ്ചാര യാത്രകളും, സ്പോട്ടുകളിലെ സന്ദർശനവും സർക്കാർ ഇനിയും ഇളവ് നൽകിയിട്ടില്ല.മറ്റു വ്ലോഗ്ഗർമാരും യാത്രികരുമെല്ലാം നിർദേശങ്ങൾ പാലിച്ച് സർക്കാർ ഇളവിനായി കാത്തിരിക്കുമ്പോഴാണ്, കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത ഊരിലേക്ക് എം പി ഡീൻ കുര്യാക്കോസിന്റെ സ്വാധീനമുപയോഗിച്ച് ഇരുവരും യാത്ര ചെയ്തത്. സ്കൂളുകൾ ഉൾപ്പടെ ഇരുവരും സന്ദർശനം നടത്തിയിരുന്നു. സുജിത് ഭക്തൻ തന്നെ തന്റെ എഫ് ബി ഇയിൽ പങ്കു വെച്ച ചിത്രത്തിലൂടെയാണ് നാട്ടുകാരും പഞ്ചായത്ത് അധികൃതരും ഇക്കാര്യം അറിയുന്നത്.
മൂന്നാർ ഡി എഫ് ഓ യോട് അധികാരമുപയോഗിച്ച് ഡീൻ കുര്യാക്കോസ് എം പി യാത്ര അനുമതി ആവശ്യപ്പെടുകയായിരിക്കുന്നു. ഇടമലക്കുടി ഊരിലേക്ക് പുറത്ത് നിന്നാർക്കും സന്ദർശനം അനുവദനീയമല്ല.ഡീൻ കുര്യാക്കോസിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ഡി എഫ് ഓ അനുമതി നൽകിയത്. സംഭവം വിവാദമായതോടെ വനംവകുപ്പ് എം പി യുടെയും വ്‌ളോഗറുടെയും ടൂറിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. അധികാര ദുരുപയോഗം ഉൾപ്പടെയുള്ള ഗുരുതരമായ സത്യപ്രതിജ്ഞ ലംഘനമാണ് നടന്നിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.
പകർച്ചവ്യാധി നിയന്ത്രണം നിലനിൽക്കെ, അധികാരമുപയോഗിച്ച് നിയമലംഘനം നടത്തുക, സ്വജനപക്ഷപാതപരമായി പ്രവർത്തിക്കുക തുടങ്ങിയ ആരോപണങ്ങൾ ഇതിനോടകം തന്നെ യാത്രയുമായി ബന്ധപ്പെട്ട് ഉയർന്നുകഴിഞ്ഞു. ആദിവാസി ജനങ്ങളുടെ സുരക്ഷയെയും ആരോഗ്യത്തെയും സംബന്ധിക്കുന്ന വിഷയമായതിനാൽ ഗൗരവകരമായ അന്വേഷണം നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. വനം വകുപ്പിന്റെ അന്വേഷണത്തിന് പുറമെ പഞ്ചായത്തും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്.