കേരളത്തിൽ നിന്നുള്ളവർക്ക് ആർ.ടി.പി.സി.ആർ നിർബന്ധമാക്കി കർണാടക

0
75

 

കേരളത്തിൽ നിന്നും വരുന്ന രോഗികൾ ഉൾപ്പടെയുള്ളവർക്ക് കർണാടക ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കേരളത്തിൽ കൊറോണ വൈറസിന്റെ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

നിയന്ത്രണം ഇന്നലെ അർധരാത്രി മുതൽ നിലവിൽ വന്നു. കേരളത്തിൽ ഡെൽറ്റ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് നിയന്ത്രണം കർശനമാക്കുന്നതെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ ഡോ. രാജേന്ദ്ര പറഞ്ഞു. ആർ.ടി.പി.സി.ആർ ഫലം ലഭിക്കാൻ മണിക്കൂറുകൾ എടുക്കുമെന്നതിനാൽ ചികിത്സ ഉൾപ്പെടെ അത്യാവശ്യങ്ങൾക്ക് കർണാടകയിലേക്ക് പോകുന്നവർക്ക് കർണാടകയുടെ തീരുമാനം തിരിച്ചടിയാകും.

കേരളവുമായി ചേർന്നു കിടക്കുന്ന തലപ്പാടി, സാറടുക്ക, ജാൽസൂർ, നെറ്റിന മൊഗറു ചെക്ക് പോസ്റ്റുകളിൽ 24 മണിക്കൂറും ജാഗ്രതയുടെ പ്രവർത്തിക്കാനാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. ഇതിനു പുറമെ കേരളത്തിലേക്കുള്ള മറ്റ് റോഡുകളിലും ചെക്ക് പോസ്റ്റ് സ്ഥാപിക്കുമെന്നും മംഗളുരു ഡെപ്യൂട്ടി കമ്മീഷണർ ഡോ. രാജേന്ദ്ര അറിയിച്ചു.

മുമ്പ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് കാണിച്ച് കർണ്ണാടകയിലേക്ക് പ്രവേശിക്കാമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ വൈറസ് വകഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജാഗ്രതാ മുൻകരുതലെന്ന നിലയിലാണ് ആർ ടി പി സി ആർ നിർബന്ധമാക്കിയത്.