സമൂഹം അംഗീകരിക്കാത്ത രീതി പാർടി അനുവദിക്കില്ല, കർശന നടപടിയെടുക്കും: വിജയരാഘവൻ

0
99

 

പൊതുപ്രവർത്തനത്തിൽ സമൂഹം അംഗീകരിക്കാത്ത ഒരു രീതിയും പാർടി അനുവദിക്കില്ലെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ. പാർടിക്ക് അഞ്ച്​ ലക്ഷത്തിലധികം അംഗങ്ങളുണ്ട്​.

ഒരുകോടിയോളം വരുന്ന വർഗ-ബഹുജന സംഘടന പ്രവർത്തകരും. ഇതിൽ ആരെങ്കിലും തെറ്റായരീതിയിൽ പ്രവർത്തിച്ചാൽ പ്രോത്സാഹിപ്പിക്കുന്ന നിലപാടല്ല​ പാർടിക്ക്.‌ രാമനാട്ടുകര സ്വർണക്കടത്ത്​ കേസിൽ സിപിഐ എമ്മിന്​ നേരിട്ട്​ ബന്ധമുള്ള ആരുമില്ല. ഡിവൈഎഫ്​ഐയുമായി ബന്ധപ്പെട്ട്‌ ആക്ഷേപം ഉന്നയിച്ചപ്പോൾ തന്നെ പരസ്യമായി തള്ളിപറഞ്ഞു.

പിശകുപറ്റിയവരെ ആ സംഘടനയിൽനിന്ന്​ മാറ്റിനിർത്തി​. വ്യക്തിപരമായി സംഭവിക്കുന്ന പിശകുകളെ പാർടി സംരക്ഷിക്കില്ല. അത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കും. ഈവിഷയത്തിലും അതേ നിലപാടാണ്‌​ സ്വീകരിച്ചത്. പാർടി പ്രവർത്തകർക്ക് അച്ചടക്കം സൈബറിടങ്ങളിലും ബാധകമാണ്. സൈബർ ഇടങ്ങളിൽ ഇടപെടുമ്പോൾ പാലിക്കേണ്ട മാന്യതയെയും അച്ചടക്കത്തെക്കുറിച്ചും കേന്ദ്രകമ്മിറ്റി തന്നെ കൃത്യമായ മാർഗ നിർദേശം നൽകിയിട്ടുണ്ട്‌.

സ്‌ത്രീപക്ഷ കേരളം ക്യാമ്പയിനിന്റെ ഭാഗമായി ജൂലൈ ഒന്ന്​ മുതൽ ഏഴുവരെ ഗൃഹസന്ദർശനം, ആശയവിനിമയം, ബഹുജനങ്ങളിൽനിന്ന്​ അഭിപ്രായശേഖരണം, ആശയപ്രചാരണം തുടങ്ങിയവ സംഘടിപ്പിക്കുമെന്നും വിജയരാഘവൻ പറഞ്ഞു.