ലോക്ക് ഡൗൺ പ്രതിസന്ധി : ചെറുകിട വ്യവസായങ്ങൾക്ക് 1416കോടിയുടെ പാക്കേജ്

0
66

 

സംസ്ഥാനത്തെ ചെറുകിട വ്യവസായ മേഖലയിൽ കോവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിന് 1416 കോടി രൂപയുടെ സഹായ പദ്ധതി. ലോക എംഎസ്എംഇ ദിനാചരണത്തോട് അനുബന്ധിച്ച് വ്യവസായ വകുപ്പ് സംഘടിപ്പിച്ച വെബിനാറിൽ മന്ത്രി പി രാജീവാണ് പ്രഖ്യാപനം നടത്തിയത്.

അടച്ചിടലടക്കമുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി ഇത്തരം വ്യവസായ സംരംഭങ്ങൾക്ക് വൻ നഷ്ടമാണുണ്ടായത്‌. സംരംഭങ്ങളെ സഹായിക്കുന്നതിനും സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനുമാണ് പദ്ധതികൾക്ക്‌ രൂപം നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.

ലോക്ഡൗണിൽ വൻ പ്രതിസന്ധി നേരിടുന്ന ചെറുകിട സൂക്ഷ്മ ഇടത്തരം സംരംഭങ്ങളെ സാധാരണ നിലയിലാക്കാൻ ഇത് സഹായിക്കും. ജൂലൈ ഒന്നു മുതൽ ഡിസംബർ വരെയാണ് പ്രാബല്യം. ഇളവുകൾക്കും ഉത്തേജക പദ്ധതികൾക്കുമായി 1416 കോടി രൂപയുടെ വായ്പ വിവിധ ധനകാര്യ സ്ഥാപനങ്ങൾ വഴി വിതരണം ചെയ്യും. ബജറ്റ് വിഹിതത്തിൽനിന്ന് 139 കോടി രൂപ പലിശ സബ്‌സിഡിക്കും ധനസഹായത്തിനുമായി ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് പാക്കേജ്

  • എല്ലാ ചെറുകിടസൂക്ഷ്മഇടത്തരം വ്യവസായ സംരംഭങ്ങൾക്കും ഒരു വർഷത്തേക്ക് 50 ശതമാനം പലിശ ധനസഹായം നൽകും.
  • സംരംഭകത്വ സഹായ പദ്ധതി പ്രകാരമുള്ള ധനസഹായം വർധിപ്പിക്കും.
  • വ്യവസായിക പിന്നാക്ക ജില്ലകളിലും മുൻഗണനാ വ്യവസായ സംരംഭങ്ങൾക്കു നൽകുന്ന സബ്‌സിഡി 30 ലക്ഷത്തിൽനിന്ന് 40 ലക്ഷമായി ഉയർത്തി.
  • 10 ലക്ഷം രൂപ വരെ മൂലധന നിക്ഷേപമുള്ള യൂണിറ്റുകൾക്കും പലിശ സബ്‌സിഡി ലഭ്യമാക്കും. 30 കോടി രൂപയുടെ വായ്പ ഇതിലൂടെ നാനോ യൂണിറ്റുകൾക്കു ലഭിക്കും.
  • സേവന രംഗത്ത് പ്രവർത്തിക്കുന്ന നാനോ യൂണിറ്റുകൾക്ക് 60 കോടി രൂപയുടെ ധനസഹായം.
  • കേരള സ്‌റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷൻ(കെ.എസ്.ഐ.ഡി.സി) വായ്പകൾക്കു പ്രഖ്യാപിച്ച മൊറട്ടോറിയം 2021 ജൂൺ വരെ ദീർഘിപ്പിച്ചു. മൂന്നു മാസത്തെ പലിശയും ഒഴിവാക്കി. 66 ലക്ഷം രൂപയുടെ ബാധ്യത ഇതിലൂടെ ഏറ്റെടുക്കും.
  • കെ.എസ്.ഐ.ഡി.സി. ഉപഭോക്താക്കളുടെ ഒരു വർഷത്തേക്കുള്ള പിഴപ്പലിശയും ഏപ്രിൽ മുതൽ ഒരു വർഷത്തേക്ക് ഒഴിവാക്കി നൽകും.
  • ചെറുകിടസൂക്ഷ്മഇടത്തരം സംരംഭകർക്കായി കെ.എസ്.ഐ.ഡി.സി 5% പലിശയിൽ 100 കോടി രൂപ വായ്പയായി നൽകും.
  • കിൻഫ്രയുടെ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറികളിലെ ഗുണഭോക്താക്കൾക്ക് മൂന്നു മാസത്തെ വാടക ഒഴിവാക്കി.
  • കിൻഫ്രയുടെ ഗുണഭോക്താക്കളുടെ ഏപ്രിൽ മുതൽ ജൂൺ വരെ മൂന്നു മാസത്തെ സി.എഫ്.സി. ചാർജുകൾ ഒഴിവാക്കി.
  • നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി 5% പലിശ നിരക്കിൽ വായ്പ അനുവദിക്കുന്ന പദ്ധതികൾക്കു കെ.എസ്.ഐ.ഡി.സി. രൂപം നൽകും.
  • സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറികളുടെ ഗുണഭോക്താക്കൾക്ക് 2021 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള വാടക കെ.എസ്.ഐ.ഡി.സി. ഒഴിവാക്കി. മൂന്നു മാസത്തെ കോമൺ ഫെസിലിറ്റി ചാർജും ഒഴിവാക്കി. ലോണുകളുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2021 ഡിസംബർ 31 വരെ തുടരും.