വയനാട്‌ യുവമോർച്ചാ പ്രസിഡന്റിനെ പുറത്താക്കി; പിന്നാലെ കൂട്ടരാജി

0
61

 

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സി കെ ജാനുവിന് കെ സുരേന്ദ്രൻ ലക്ഷങ്ങൾ കോഴ നൽകിയ വിവാദം വയനാട് ബിജെപിയെ പിടിച്ചുലക്കുന്നതിനുപിന്നാലെ യുവമോർച്ചയിൽ കൂട്ടരാജി. രണ്ട് മണ്ഡലം കമ്മിറ്റികളും ഏഴ് പഞ്ചായത്ത് കമ്മിറ്റികളും രാജിവെച്ചു.

സംസ്ഥാന നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടിനെതിരെ പ്രതികരിച്ച യുവമോർച്ച വയനാട് ജില്ലാ പ്രസിഡന്റ് ദീപു പുത്തൻപുരയിലിനെ പുറത്താക്കിയതിനെ തുടർന്നാണ് ബിജെപിയിലും യുവമോർച്ചയിലും കൂട്ടക്കലാപം ഉടലെടുത്തത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ നിർദേശത്തെതുടർന്നാണ് യുവമോർച്ച ജില്ലാ പ്രസിഡന്റ് ദീപുവിനെയും ബത്തേരി മണ്ഡലം പ്രസിഡണ്ട് ലളിത്കുമാറിനെയും പുറത്താക്കിയത്‌. തെരഞ്ഞെടുപ്പ് സമയത്ത് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് പറഞ്ഞാണ് പുറത്താക്കൽ. എന്നാൽ, ചില ജില്ലാ- സംസ്ഥാന നേതാക്കളുടെ സാമ്പത്തിക ഇടപാടുകളെ ചോദ്യം ചെയ്തതിനാണ് യുവമോർച്ച നേതാക്കളെ പുറത്താക്കിയതെന്ന് പ്രവർത്തകർ പറയുന്നു.

സി കെ ജാനുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുമതലയിലുണ്ടായിരുന്ന ആളാണ് ആണ് ദീപു പുത്തൻപുര. പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയലിന്റെ സാമ്പത്തിക ഇടപാടുകളെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ദീപു ചോദ്യം ചെയ്തിരുന്നു.

ആർത്തി മൂത്ത് അധികാരകേന്ദ്രങ്ങൾക്ക് മുന്നിൽ സാഷ്ടാംഗ പ്രണാമം ചെയ്തവരോട് ഞങ്ങൾ ഇന്ന് തോറ്റിരിക്കുന്നുവെന്ന് ദീപു പുത്തൻപുര ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. താൻ അടക്കമുള്ള യുവമോർച്ച നേതാക്കളെ പുറത്താക്കിയത് ഏകപക്ഷീയമായിട്ടാണെന്ന് ലളിത്കുമാർ പറഞ്ഞു.

ജാനുവിന്റെ പ്രചരണത്തിന് ഗുണം കിട്ടുന്ന രീതിയിൽ നേതാക്കൾ പ്രവർത്തിച്ചില്ല. പ്രകടനപത്രിക പോലും തയ്യാറാക്കാൻ നേതാക്കൾ തുനിഞ്ഞില്ല. സാമ്പത്തിക ഇടപാടുകളെ കുറിച്ച് ചോദ്യം ചെയ്തിരുന്നു എന്നും ലളിത് കുമാർ പറഞ്ഞു.