സംസ്ഥാനത്തെ പിഡബ്ല്യുഡി റസ്റ്റ്ഹൗസുകൾ കൂടുതൽ ജനകീയമാക്കാൻ പദ്ധതി ആവിഷ്കരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. റസ്റ്റ്ഹൗസുകളിൽ പൊതുജനങ്ങൾക്ക് കൂടുതൽ താമസസൗകര്യം ലഭ്യമാക്കുന്ന തരത്തിലാണ് പുതിയ പദ്ധതി. റസ്റ്റ്ഹൗസുകളിൽ കൂടുതൽ താമസ സൗകര്യങ്ങൾ ഒരുക്കുകയും ജനകീയമാക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. പദ്ധതി യാഥാർത്ഥ്യമായാൽ ഓൺലൈൻ ബുക്കിങ് സൗകര്യത്തിലൂടെ പൊതുജനങ്ങൾക്കും റസ്റ്റ്ഹൗസുകളിൽ താമസിക്കാം. പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥതല ചര്‍ച്ചകൾ ആരംഭിച്ചുകഴിഞ്ഞു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ കര്യങ്ങൾ ചർച്ച ചെയ്യാൻ ഈ മാസം 29 ന് മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും.
റസ്റ്റ്ഹൗസുകളുടെ നവീകരണത്തിന് പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി തേടുമെന്ന് മന്ത്രി പറഞ്ഞു. പിഡബ്ല്യുഡി റസ്റ്റ് ഹൗസുകളെ കൂടുതൽ ജനസൗഹൃദമാക്കുന്നതിന് എന്തൊക്കെ ചെയ്യാം, ഏതെല്ലാം രീതിയില്‍ പുതിയ ആശയങ്ങള്‍ നടപ്പിലാക്കാം എന്നതിനെ സംബന്ധിച്ചാണ് പൊതുജനങ്ങളുടെ അഭിപ്രായംതേടുന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ ഫേസ്ബുക്ക് പേജിൽ ജൂൺ 27 ന് മുന്‍പ് അഭിപ്രായം രേഖപ്പെടുത്താം. അല്ലെങ്കിൽ [email protected] എന്ന വിലാസത്തിൽ ഇ മെയിൽ അയക്കാം .