കെപിസിസി രാഷ്ട്രീയകാര്യ സമിതിയോഗം ഇന്നു ചേരും. കെപിസിസി ഡിസിസി പുനഃസംഘടനയ്ക്കായി മാനദണ്ഡങ്ങൾ തയാറാക്കുന്നതാണ് രാഷ്ട്രീയകാര്യ സമിതിയിലെ മുഖ്യ ചർച്ചാവിഷയം.കെ. സുധാകരൻ കെപിസിസി പ്രസിഡൻറായ ശേഷം ചേരുന്ന ആദ്യ യോഗമാണ്.
നിയമസഭാ തെരഞ്ഞെടുപ്പിൽ അടക്കം പരാജയപ്പെട്ടവരെ കെപിസിസി ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തണോ? തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവരെ ഡിസിസി ഭാരവാഹികളായി പരിഗണിക്കേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഇന്നുച്ചകഴിഞ്ഞു മൂന്നിനു ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി ചർച്ച ചെയ്യും.
കെപിസിസിയിൽ വർക്കിംഗ് പ്രസിഡൻറുമാരും വൈസ് പ്രസിഡൻറുമാരും ജനറൽ സെക്രട്ടറിമാരും അടക്കം കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുന്ന 20-25 ഭാരവാഹികൾ മതിയെന്ന അഭിപ്രായമാണു സുധാകരനുള്ളത്.
നിർവാഹക സമിതി അംഗങ്ങൾ അടക്കം പരാമവധി 50 പേർ. ഡിസിസികളിലും ഭാരവാഹികളുടെ എണ്ണം കുറയ്ക്കും. കാര്യക്ഷമമായി പ്രവർത്തിക്കുന്നവരെ ഉൾപ്പെടുത്തിയും ജംബോ കമ്മിറ്റിയെ പിരിച്ചുവിട്ടും പുനഃസംഘടന വേണമെന്നതാണു ഹൈക്കമാൻഡിൻറെയും നിർദേശം.
യുവാക്കൾക്കു കൂടുതൽ പരിഗണന നൽകണോ അതോ മുതിർന്ന നേതാക്കൾക്കാണോ ഭാരവാഹിപ്പട്ടികയിൽ മുൻതൂക്കം നൽകേണ്ടത്, എത്ര വയസുവരെയുള്ളവരെ കെപിസിസി, ഡിഡിസി ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്താം തുടങ്ങിയ കാര്യങ്ങളും ചർച്ച ചെയ്യും. ഗ്രൂപ്പ് നേതാക്കളുടെ അഭിപ്രായംകൂടി ഇക്കാര്യങ്ങളിൽ തേടുന്നുണ്ട്. ഇതോടൊപ്പം ഒരാൾക്ക് ഒരു പദവി അടക്കമുള്ള നിർദേശങ്ങളും ചർച്ചയാകും.