BREAKING… മേയർക്കും നഗരസഭയ്ക്കും എതിരെ വ്യാജ പ്രചരണം: എസ്എടി മെഡിക്കൽ സ്റ്റോർ ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു

0
65

മേയർ മെഡിക്കൽ സ്റ്റോർ പൂട്ടിച്ചു എന്ന വിവാദമായ വ്യാജ വാർത്തയ്ക്ക് പിന്നിൽ പ്രവർത്തിച്ച ജീവനക്കാരനെ എസ്എടി ആശുപത്രി സൊസൈറ്റി സസ്‌പെൻഡ് ചെയ്തു. എസ്എടി മെഡിക്കൽ സ്റ്റോറിന് താത്കാലികമായി ഉപയോഗിക്കാൻ നഗരസഭ വിട്ട് നൽകിയ കെട്ടിടം ഒഴിയണമെന്നും, മെഡിക്കൽ സ്റ്റോറിന് വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടത്തിലേക്ക് മാറണം എന്നും നഗരസഭ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അതിന് മെഡിക്കൽ സ്റ്റോർ അധികൃതർ തയ്യാറായില്ല. തുടർന്ന് മേയർ കെട്ടിടം നേരിട്ടെത്തി പരിശോധിക്കാൻ തീരുമാനിച്ചു. ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഡി ആർ അനിലിനെ ചുമത്തപ്പെടുത്തുകയും ചെയ്തു.

ഇതിനായി സ്ഥലത്തെത്തിയ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനോട് മെഡിക്കൽ സ്റ്റോറിലെ ചീഫ് ഫാർമിസിസ്‌റ്റ് ആയ ബിജു തട്ടിക്കയറുകയും മേയർക്കെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തു. മേയർ തീരുമാനിച്ച യോഗത്തിനെത്തിയവർക്കെതിരെ ബിജു നടത്തിയ അധിക്ഷേപത്തിനെതിരെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നൽകിയ പരാതിയിന്മേൽ നടത്തിയ അന്വഷണത്തിലാണ് ഇപ്പോൾ ബിജുവിനെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയിട്ടുള്ളത്.

അന്ന് നഗരസഭ നടത്തിയ പരിശോധനയിൽ പ്രസ്തുത കെട്ടിടത്തിൽ ഒരു മേശയും, കേടായ കമ്പ്യൂട്ടറും മാത്രമാണുള്ളതെന്നും അവിടെ മരുന്നുകൾ സൂക്ഷിക്കുന്നില്ല എന്നും ബോധ്യപ്പെട്ടിരുന്നു. അനധികൃതമായി കൈവശം വച്ചിരുന്ന കെട്ടിടം മേയർ പൂട്ടി ഏറ്റെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ മെഡിക്കൽ സ്റ്റോറിലെ ചീഫ് ഫാർമിസിസ്‌റ്റ് ആയ ബിജു സാമൂഹ്യ മാധ്യമങ്ങളിലൂടെ മേയർ മെഡിക്കൽ സ്റ്റോർ പൂട്ടിച്ചു എന്ന തരത്തിൽ വ്യാജപ്രചാരണം നടത്തുകയായിരുന്നു. ഇത് മാധ്യമങ്ങൾ കൂടി ഏറ്റെടുത്തതോടെ വൻവിവാദമായി. മാത്രമല്ല മെഡിക്കൽ സ്റ്റോർ പൂട്ടിച്ചു എന്ന പ്രചരണം നടന്ന ദിവസങ്ങളിൽ 10 മുതൽ 12 ലക്ഷം രൂപയുടെ വരെ വ്യാപാരം പ്രസ്തുത മെഡിക്കൽ സ്റ്റോറിൽ നടന്നതായും അന്വഷണത്തിൽ തെളിഞ്ഞു.

മേയർക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ ഉൾപ്പെടെ ഉയരുന്ന സ്ഥിതിവിശേഷം സംജാതമാവുകയായിരുന്നു. അന്ന് തന്നെ ഈ വ്യാജ വാർത്തയ്‌ക്കെതിരെ മേയർ സൈബർ പോലീസിലും, ആരോഗ്യവകുപ്പിനും , തദ്ദേശ സ്വയംഭരണ വകുപ്പിനും പരാതി നൽകിയിരുന്നു. ആ പരാതികളിലും അന്വഷണം നടന്ന് വരികയാണ് . സാമൂഹ്യ മാധ്യമങ്ങളിൽ മേയറെ വ്യക്തിഅധിക്ഷേപത്തിന് ഇരയാക്കിയ പ്രചരണത്തിന് തുടക്കം കുറിച്ച പോലീസ് കേസ് പിന്നാലെ വരുന്നുണ്ട് എന്നാണ് റിപ്പോർട്ട്. ഏതായാലും മേയറെ രാഷ്ട്രീയമായി ആക്രമിക്കാനും തേജോവധം ചെയ്യാനും മുന്നിൽ നിന്ന രാഷ്ട്രീയ ശത്രുക്കൾക്ക് കനത്ത തിരിച്ചടിയാണ് ഈ സസ്‌പെൻഷൻ.