സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം മർദിച്ച വിവരം പുറത്തറിയാതിരിക്കാനാണ് കിരൺകുമാർ വിസ്മയയുടെ മൊബൈൽ ഫോൺ നശിപ്പിച്ചതെന്ന് ആരോപണം. മരിച്ചനിലയിൽ കണ്ടെത്തുന്നതിന്റെ തലേരാത്രി വീട്ടിൽ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടിരുന്നതായും പുറത്തുവന്നു.
മർദിച്ച വിവരം തെളിവുകൾ സഹിതം വിസമയ വീട്ടിൽ അറിയിക്കുമെന്ന് വ്യക്തമായതോടെയാണ് കിരൺ ഭാര്യയുടെ മൊബൈൽ ഫോൺ തല്ലിപ്പൊളിച്ചതെന്നും പുറത്തുവന്നിട്ടുണ്ട്. അതിനിടെ തന്റെ മകന് ഇഷ്ടപ്പെട്ട കാറല്ല വിസ്മയയുടെ വീട്ടുകാർ നൽകിയതെന്ന കിരണിന്റെ അച്ഛൻ സദാശിവൻപിള്ള പറഞ്ഞതും വിവാദമായിട്ടുണ്ട്.
വിസ്മയയുടെ മരണത്തിനു കാരണമാകുന്ന തരത്തിൽ സദാശിവന്പിള്ളയും പെരുമാറിയെന്ന ആരോപണവും ഇതോടെ ബലപ്പെട്ടു.അതിനിടെ കിരൺകുമാറിനെതീരെ കൂടുതൽ ആരോപണങ്ങൾ കൂടി പുറത്തുവന്നു. കൊല്ലം എൻഫോഴ്‌സ്‌മെന്റ് ആർടിഒ വിഭാഗത്തിൽ ജോലി ചെയ്യുന്ന കിരൺകുമാർ വഴിവിട്ട പല ഇടപാടുകൾക്കും സഹായിക്കുന്ന ആളാണെന്നാണ് ആക്ഷേപം.
എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ പല സ്‌പെഷ്യൽ ഡ്രൈവുകളും ഇയാൾ മുമ്ബേ അറിയിച്ചിരുന്നുവെന്നു സംശയിക്കുന്നതായും പറയപ്പെടുന്നു. എൻഫോഴ്‌സ്‌മെന്റ് വിഭാഗം ആർടിഒ നടത്തിയിരുന്ന പരിശോധനകളിൽ വിവരം പലപ്പോഴും ചോരുന്നത് പതിവായിരുന്നു. ഇക്കാര്യത്തിൽ ചില അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരെ സംശയമുണ്ടായിരുന്നു. അവരിൽ ഒരാളായിരുന്നു കിരൺകുമാറെന്നാണ് ഉദ്യോഗസ്ഥരിൽ പലരും പറയുന്നത്.
കിരണിന്റെ പണത്തിനോടുള്ള ആഗ്രഹം തന്നെയാണ് വിസ്മയയുടെ മരണത്തിന് പിന്നിലെന്നും ഇദ്ദേഹത്തിന്റെ സ്വഭാവമറിയുന്ന പലരും പറയുണ്ട്. ജില്ലാ ആർടി ഓഫീസിലേക്ക് സ്ഥലം മാറ്റം വേണമെന്ന് ഇയാൾ എന്നും പറഞ്ഞിരുന്നു. എൻഫോഴ്‌സ്‌മെന്റ് വിഭാഗം തനിക്ക് ചേരില്ലെന്നാണ് ഇയാൾ പറഞ്ഞിരുന്നത്. സ്ത്രീധനത്തിന്റെ കാര്യം കുറഞ്ഞുപോയെന്ന അഭിപ്രായം ഇയാൾ ഓഫീസിലും സുഹൃത്തുക്കളുടെ ഇടയിലും പലവട്ടം പറഞ്ഞിരുന്നു.
സ്ത്രീധനമായി കിട്ടിയ കാറിന്റെ മൂല്യം കുറഞ്ഞതിനെ കുറിച്ചും ഇയാൾ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ജനുവരി രണ്ടാം തീയതി കിരൺ കുമാർ വീട്ടിലെത്തി വിസ്മയയെയും സഹോദരനെയും മർദിച്ച സംഭവം വീണ്ടും അന്വേഷിക്കണമെന്ന് പിതാവ് ത്രിവിക്രമൻ നായർ ഇന്ന് രാവിലെ ആവശ്യപ്പെട്ടിരുന്നു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മർദത്തിലാണ് കിരണിനെതിരായ പരാതി ഒത്തുതീർപ്പിലാക്കിയതെന്നാണ് ത്രിവിക്രമൻ മാധ്യമങ്ങളോട് പറഞ്ഞത്.
ഭർതൃവീട്ടിൽ വിസ്മയ വി നായരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് എസ്. കിരൺ കുമാർ റിമാൻഡിലാണ്. ഗാർഹിക പീഡനനിയമം, സ്ത്രീധന നിരോധന നിയമം എന്നിവ പ്രകാരമാണ് കേസെടുത്തത്.
വിസ്മയയുടെ കുടുംബത്തിൻറെ പരാതികളെല്ലാം പരിഗണിക്കുമെന്ന് കേസ് അന്വേഷിക്കുന്ന ഐ ജി ഹർഷിത അട്ടല്ലൂരി അറിയിച്ചു.
കിരണിനെതിരായ പരാതി ഒതുക്കിതീർത്തെന്ന ആരോപണത്തിൽ വിശദീകരണം ചോദിച്ചിട്ടുണ്ട്. കുടുംബം പരാതിപ്പെട്ടാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയത് അന്വേഷിക്കും. പ്രതിക്കെതിരെ ചുമത്തിയത് കൂടുതൽ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ. സഹോദരനെ മർദിച്ചതിൽ പുനരന്വേഷണം ആവശ്യമാണെങ്കിൽ നടപടി സ്വീകരിക്കുമെന്നും ഹർഷിത അട്ടല്ലൂരി പറഞ്ഞു.