ജന്മഭൂമിയുടെ പേരിലും കോടികൾ മുക്കി, ബിജെപി കള്ളപ്പണ വ്യാപ്തിക്ക് ആഴമേറെ

0
91

 

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി കുഴൽപ്പണ രൂപത്തിൽ കോടികൾ കടത്തിയത് ജന്മഭൂമിയുടെ പേരിലും. ജന്മഭൂമി ഫണ്ട് എന്ന പേരിൽ കടത്തിയ പത്ത് കോടിയിലേറെ മുക്കിയെന്ന വിവരവും പുറത്തുവന്നു.

നൂറ് മണ്ഡലങ്ങളിലേക്കായി 10 ലക്ഷം വീതമാണ്‌ ജന്മഭൂമി പത്രത്തിലൂടെയുള്ള പ്രചാരണത്തിനായി നിശ്ചയിച്ചത്‌. സപ്ലിമെന്റ്‌ ഇറക്കിയെങ്കിലും നാമമാത്രമായ തുകയാണ്‌ ‘ജന്മഭൂമി’ക്ക്‌ നൽകിയത്‌. ‘ജന്മഭൂമി’ ഫണ്ട്‌ ഉൾപ്പെടെ കേന്ദ്രത്തിൽനിന്നു വന്ന കോടികൾ കൈകാര്യം ചെയ്‌തത്‌ ആർഎസ്എസ്‌ നേതാക്കളാണ്‌.

ബിജെപി സംഘടന ജനറൽ സെക്രട്ടറി എം ഗണേശനായിരുന്നു തുക കൈകാര്യം ചെയ്യാനുള്ള ചുമലതല. ആർഎസ്‌എസ്‌ നേതൃത്വവുമായി ആലോചിച്ച്‌ പണം രഹസ്യകേന്ദ്രങ്ങളിലേക്ക്‌ മാറ്റി.

ജന്മഭൂമി ഫണ്ട് കടത്തിയത് ആർഎസ്എസിന്റെ ദക്ഷിണേന്ത്യയിലെ പ്രധാനകേന്ദ്രമായ മംഗളുരു വഴിയാണ്. ഇവിടെനിന്നും വാഹനത്തിൽ കേരളത്തിന്റെ അതിർത്തിയിൽ എത്തിച്ചശേഷം ആർഎസ്എസ് കേന്ദ്രങ്ങളിലേക്ക് മാറ്റുകയായിരുന്നു. സുനിൽ നായക്ക് ആണ് പണം ധർമരാജിന് എത്തിക്കുന്നത്.

ആർഎസ്‌എസ്‌ മുഖേനയല്ലാതെയുള്ള കുഴൽപ്പണവും മറ്റുവഴികഴിലുടെ ലഭിച്ച കോടികളുമാണ്‌ സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ കൈകാര്യം ചെയ്‌തത്‌. മഞ്ചേശ്വരം, ബത്തേരി മണ്ഡലങ്ങളിലെ കള്ളപ്പണ ഇടപാട്‌ പുറത്താവുകയുംചെയ്‌തു. കൊടകര കുഴൽപ്പണ ഇടപാട്‌ നടത്തിയ ധർമരാജൻ ഒരേസമയം ആർഎസ്‌എസ്സിന്റെയും കെ സുരേന്ദ്രന്റെയും കടത്തുകാരനായി പ്രവർത്തിച്ചു.

2014–ൽ കേന്ദ്രത്തിൽ ബിജെപിഅധികാരത്തിൽ വന്നശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും കുഴൽപ്പണം ഒഴുക്കിയിട്ടുണ്ട്‌. ഇതിൽ വലിയൊരുഭാഗം തെരഞ്ഞെടുപ്പാവശ്യത്തിന്‌ ഉപയോഗിക്കാറില്ല. ഇത്തരത്തിൽ വരുന്ന തുക നേതാക്കൾ പിന്നീട് വഴി മാറ്റുകയായിരുന്നു പതിവ്.

അതിനിടെ ജന്മഭൂമി വഴി കോടികളുടെ കള്ളപ്പണം വെളുപ്പെച്ചെന്ന പരാതിയും എങ്ങുമെത്തിയില്ല. സംഘടനാതല അന്വേഷണത്തിന്റെ ഭാഗമായി ജന്മഭൂമിയിലെ നാലുപേരെ ചുമതലകളിൽ നിന്നും മാറ്റിനിർത്തിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവത് മുതിര്ന്ന നേതാവ് ദത്താത്രേയ ഹൊസബളെയെ ചുമതലപ്പെടുത്തിയിരുന്നു.