വിഖ്യാത സംഗീതജ്ഞ പാറശാല പൊന്നമ്മാള്‍ അന്തരിച്ചു

0
77

വിഖ്യാത സംഗീതജ്ഞ പ്രൊഫ. പാറശാല ബി പൊന്നമ്മാള്‍ അന്തരിച്ചു. 97 വയസായിരുന്നു. ചൊവ്വാഴ്ച പകൽ രണ്ടരയോടെ തിരുവനന്തപുരം വലിയശാലയിലെ വസതിയിലായിരുന്നു അന്ത്യം. ആറ് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തിന്റെ ഉടമയാണ്. തിരുവനന്തപുരത്തെ സ്വാതിതിരുനാള്‍ സംഗീത കോളേജിലെ ആദ്യ വിദ്യാർത്ഥിനിയാണ്. പിന്നീട് അവിടെത്തന്നെ ആദ്യ വനിതാ പ്രിന്‍സിപ്പലുമായി. തിരുവനന്തപുരം പദ്മനാഭസ്വാമിക്ഷേത്രത്തിലെ നവരാത്രി സംഗീതമേളയില്‍ പാടാന്‍ കഴിഞ്ഞ ആദ്യ വനിതയാണ്. മൂന്നുകൊല്ലത്തെ ഗായിക കോഴ്‌സ് കഴിഞ്ഞ് ഇറങ്ങി. പതിനെട്ടാം വയസ്സില്‍ കോട്ടണ്‍ഹില്‍ സ്‌കൂളില്‍ അധ്യാപികയായി. 1952ല്‍ സ്വാതി തിരുനാള്‍ മ്യൂസിക്ക് അക്കാദമിയില്‍ അധ്യാപികയായി ചേര്‍ന്നു. 1970ല്‍ തൃപ്പൂണിത്തറ ആര്‍എല്‍വി മ്യൂസിക്ക് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫൈന്‍ ആര്‍ട്ട്‌സിലെ പ്രിന്‍സിപ്പള്‍ ആയി. 1980ല്‍ അവിടെ നിന്നും ജോലിയില്‍ നിന്നും വിരമിച്ചു. തൃപ്പൂണിത്തുറ ആര്‍എല്‍വി സംഗീത കോളേജില്‍ നിന്നാണ് വിരമിച്ചത്. പാറശാലയില്‍ ഹെഡ്മാസ്റ്ററായിരുന്ന മഹാദേവ അയ്യരുടെയും ഭഗവതി അമ്മാളുടെയും മകളായി 1924ല്‍ ജനിച്ചു. ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ശിഷ്യയാണ്. കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ് നേടിയിട്ടുണ്ട്. സ്വാതി സംഗീത പുരസ്ക്കാരം, ചെമ്പൈ പുരസ്ക്കാരം എന്നിവ നേടി. 2017 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. വിപുലമായ ശിഷ്യഗണത്തിന് ഉടമയാണ്.