എട്ട്‌ ആഴ്‌ചയ്ക്കുള്ളിൽ രാജ്യത്ത്‌ കോവിഡ്‌ മൂന്നാംതരംഗം : എയിംസ്‌ മേധാവി

0
94

 

 

രാജ്യത്ത്‌ ആറുമുതൽ എട്ട്‌ ആഴ്‌ചയ്ക്കുള്ളിൽ കോവിഡ്‌ മൂന്നാംതരംഗം ഉണ്ടായേക്കുമെന്ന്‌ ഡൽഹി എയിംസ്‌ മേധാവി ഡോ. രൺദീപ്‌ ഗുലേറിയയുടെ മുന്നറിയിപ്പ്‌. കോവിഡ്‌ കാല പെരുമാറ്റ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ജാഗ്രത പാലിച്ചേതീരൂ. കോവിഡ്‌ മൂന്നാംതരംഗം ഒഴിവാക്കാൻ പറ്റില്ല.

അടച്ചുപൂട്ടൽ നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ കോവിഡ്‌ പെരുമാറ്റ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്‌ചകൾ സംഭവിക്കാൻ സാധ്യതയുണ്ട്‌. ഒന്ന്‌, രണ്ട്‌ തരംഗങ്ങളിൽനിന്ന്‌ നാം പാഠങ്ങൾ ഉൾക്കൊണ്ടിട്ടില്ല. എല്ലായിടത്തും പഴയതുപോലെ വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്നു. രോഗികളുടെ എണ്ണം ക്രമേണ വർധിക്കും.

ആറ്‌ മുതൽ എട്ട്‌ ആഴ്‌ചയ്ക്കുള്ളിൽ രാജ്യത്ത്‌ മൂന്നാംതരംഗവും ഉണ്ടാകും. ജനസംഖ്യയിൽ ഭൂരിഭാഗത്തിനും വാക്‌സിൻ ഉറപ്പാക്കുന്നതുവരെ ഒരുതരത്തിലുള്ള ജാഗ്രതക്കുറവും ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും- അദ്ദേഹം പറഞ്ഞു.കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാൻ അടിയന്തര നടപടികളിലേക്ക്‌ ഇന്ത്യ കടക്കണമെന്ന്‌ വിദഗ്‌ധർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്‌.

വിഖ്യാത വൈദ്യശാസ്‌ത്ര ജേർണലായ ലാൻസറ്റിൽ 21 വിദഗ്‌ധരാണ്‌ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്‌. ഒക്ടോബറോടെ മൂന്നാം വ്യാപനമുണ്ടാകുമെന്ന്‌ ഡോ. രൺദീപ്‌ ഗുലേറിയ ഉൾപ്പെടെയുള്ള നാൽപ്പതോളം ആരോഗ്യവിദഗ്‌ധരും കഴിഞ്ഞ ദിവസം റോയിട്ടേഴ്‌സ്‌ വാർത്താ ഏജൻസിയോട്‌ പറഞ്ഞിരുന്നു.

രാജ്യത്ത്‌ രോഗം വീണ്ടും ഉയരാനുള്ള സാധ്യത മുന്നിൽക്കണ്ട്‌ കോവിഡ്‌ പെരുമാറ്റ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്‌ച ഉണ്ടാകരുതെന്ന്‌ സംസ്ഥാനങ്ങൾക്ക്‌ കേന്ദ്ര സർക്കാർ നിർദേശം.

അടച്ചുപൂട്ടൽ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതോടെ പലയിടത്തും വലിയ ആൾക്കൂട്ടം ഉണ്ടാകുന്നതായി റിപ്പോർട്ടുണ്ട്‌. അതിനാൽ കോവിഡ്‌ പെരുമാറ്റ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന്‌ ഉറപ്പാക്കണമെന്ന് ചീഫ്‌ സെക്രട്ടറിമാർക്ക്‌ അയച്ച കത്തിൽ ആഭ്യന്തര സെക്രട്ടറി അജയ്‌കുമാർ ഭല്ല നിർദേശിച്ചു.

ചികിത്സയിലുള്ളവരുടെ എണ്ണം കുറഞ്ഞതോടെ മിക്കയിടത്തും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇളവുകൾ നിലവിൽ വന്നാലും ഓരോ പ്രദേശത്തെയും സാഹചര്യം വിലയിരുത്തി നടപടി സ്വീകരിക്കണം.

മാനദണ്ഡം കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തണം. പരിശോധന–-പിന്തുടരൽ–-കണ്ടെത്തൽ നയം കർശനമായി പാലിക്കണം. വേഗത്തിൽ വാക്‌സിനേഷൻ പൂർത്തിയാക്കണമെന്നും -ആവശ്യപ്പെട്ടു.