കെ.മുരളീധരൻ യു ഡി എഫ് കൺവീനറാകും

0
80

 

കെ.മുരളീധരനെ യു ഡി എഫ് കണ്വീനറാക്കാൻ കോൺഗ്രസ്സ് ഹൈക്കമാന്റ് തീരുമാനം. ഡൽഹിയിൽ ചേർന്ന ഹൈക്കമാന്റ് യോഗത്തിലാണ് തീരുമാനം. ഉമ്മൻ ചാണ്ടിയെ കോൺഗ്രസ്സ് പ്രവർത്തക സമിതി അംഗമായി നിലനിർത്താനും ഹൈക്കമാന്റ് തീരുമാനിച്ചു. മുല്ലപ്പളി രാമചന്ദ്രൻ,കെ.വി.തോമസ് എന്നിവർക്കും പ്രത്യേക പരിഗണന നൽകാൻ എഐസിസി തീരുമാനിച്ചു.

രമേശ് ചെന്നിത്തലയെ എഐസിസി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തെങ്കിലും പ്രവർത്തനമണ്ഡലം പൂർണമായും ഡൽഹിയിലേക്ക് മാറ്റേണ്ടതില്ലെന്നും, കേരളത്തിൽ കൂടുതൽ സമയം കേന്ദ്രീകരിക്കണമെന്നും ഹൈക്കമാന്റ് നിർദേശിച്ചിട്ടുണ്ട്. കോൺഗ്രസ്സിനുള്ളിലെ അടിയൊഴുക്കുകൾ ശക്തമായതോടെയാണ് ഹൈക്കമാന്റും എഐസിസി യും പുതിയ സമവാക്യങ്ങളുമായി രംഗത്ത് എത്തുന്നത്.

യു ഡി എഫിനെ നയിക്കാൻ കെ.മുരളീധരനെ നിയോഗിക്കുന്നത് പുതിയ സൂത്രവാക്യത്തിന്റെ വ്യക്തമായ അടയാളപ്പെടുത്തലാണ്. അതേസമയം ഉമ്മൻ ചാണ്ടിക്ക് അർഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്ന് ഒരു വിഭാഗം നേതാക്കൾ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് ഉമ്മൻ ചാണ്ടിയോട് കോൺഗ്രസ്സിന് സ്നേഹമുള്ളതെന്നും അല്ലാത്തപ്പോൾ കറിവേപ്പിലയുടെ വില പോലും നൽകുന്നില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

കെ.മുരളീധരനെ ചുമതല ഏൽപ്പിക്കുന്നതുവഴി പ്രായോഗിക നയസമീപനങ്ങളിൽ മാറ്റം വരുത്താൻ കഴിയുമെന്നാണ് ദേശിയ നേതൃത്വം വിലയിരുത്തുന്നു. അതേസമയം ഘടകകക്ഷികൾക്ക് കെ.മുരളീധരന്റെ സ്ഥാനാരോഹണം സ്വീകാര്യമായ തീരുമാനം അല്ല.

ഉമ്മൻചാണ്ടിയെ ഉൾപ്പടെ പൊതുവേദികളിൽ അപമാനിക്കുകയും കോൺഗ്രസ്സിന്റെ ഉള്ളിൽ തന്നെ കലാപങ്ങൾക്ക് തീ കൊളുത്തുകയും അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് യു ഡി എഫിനെ പ്രതിസന്ധിയിലാക്കിയ നേതാവാണ് കെ.മുരളീധരൻ എന്നും മുസ്ലിം ലീഗും വിലയിരുത്തുന്നു. കുഞ്ഞാലിക്കുട്ടി ഉൾപ്പടെയുള്ള നേതാക്കൾക്ക് പുതിയ തീരുമാനത്തിൽ അതൃപ്തിയുണ്ട്.