പോലീസ് സ്‌റ്റേഷൻ പരിസരത്തെ വാഹനങ്ങൾ നീക്കം ചെയ്യാൻ ഉത്തരവിട്ട് ഡിജിപി

0
67

 

സംസ്ഥാനത്ത് വാഹനങ്ങൾ പോലീസ് സ്‌റ്റേഷനുകൾക്കുമുന്നിൽ കൂട്ടിയിടുന്നത് അവസാനിപ്പിക്കാൻ നടപടി. പൊലീസ് സ്‌റ്റേഷൻ പരിസരത്തും സമീപ റോഡുകളിലും സുക്ഷിച്ചിരിക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യാൻ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.

പൊലീസ് സ്‌റ്റേഷൻ പരിസരത്ത് വാഹനങ്ങൾ കൂട്ടിയിടാൻ അനുവദിക്കില്ല. ഇക്കാര്യം ജില്ലാ പൊലീസ് മേധാവിമാരും റെയ്ഞ്ച് ഡിഐജിമാരും ഉറപ്പുവരുത്തണം. ആവശ്യമില്ലാതെ വാഹനങ്ങൾ കസ്റ്റഡിയിലെടുക്കാൻ പാടില്ല. നിയമപ്രകാരമുള്ള നടപടി കൈക്കൊണ്ടശേഷം അത്തരം വാഹനങ്ങൾ ഉടൻ വിട്ടുകൊടുക്കണം.

പോലീസ് പിടികൂടുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ദേശീയപാതകൾ ഉൾപ്പെടെയുള്ള പ്രധാനപാതകളുടെ വശത്ത് പാർക്ക് ചെയ്യുന്നത് പൊതുജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇക്കാര്യം പൊതുമരാമത്ത് മന്ത്രി സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇത്തരം വാഹനങ്ങൾ ഒരു മാസത്തിനുള്ളിൽ നീക്കം ചെയ്യാൻ സ്‌റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി.

വാഹനങ്ങൾ വിട്ടുനൽകാൻ നിയമപ്രശ്‌നം ഉള്ളപക്ഷം റവന്യു അധികൃതരുടെ സഹായത്തോടെ സ്ഥലം കണ്ടെത്തി അവ അങ്ങോട്ട് മാറ്റണം. എല്ലാ പൊലീസ് സ്‌റ്റേഷനുകളുടേയും സമീപത്തെ റോഡുകളിൽ പാർക്ക് ചെയ്ത ഇത്തരം വാഹനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് ഒരു മാസത്തിനകം അറിയിക്കാൻ സ്‌റ്റേറ്റ് ക്രൈം റെക്കോഡ്‌സ് ബ്യൂറോയ്ക്ക് നിർദേശം നൽകിയതായും ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.