പിണറായി വിജയൻറെ മക്കളെ തട്ടിക്കൊണ്ടു പോകാൻ പ്ലാനിട്ടിരുന്ന കെ.സുധാകരൻ, പഴയ കാലം ഓർത്തെടുത്ത് മുഖ്യമന്ത്രി

0
85

 

മുഖ്യമന്ത്രി പിണറായി വിജയനെ ചവിട്ടി താഴെയിട്ടു എന്ന് വീമ്പിളക്കിയ കെപിസിസി അധ്യക്ഷൻ കെ.സുധാകരന് വസ്തുതകൾ നിരത്തി മറുപടിയുമായി മുഖ്യമന്ത്രി. വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സുധാകരന്റെ പഴയ ചരിത്രം മുഴുവൻ വിശദീകരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

തന്നെ പലരീതിയിലും അക്രമിക്കണമെന്നു സുധാകരന് ആഗ്രഹങ്ങളും വ്യാമോഹങ്ങളും ഉണ്ടായിരുന്നെന്നും അതൊന്നും നടക്കാത്തതിലുള്ള മനോവിഷമമാണ് ഇപ്പോൾ പറഞ്ഞു തീർക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. തന്നെ ആക്രമിക്കാൻ കഴിയാത്തതിനാൽ തന്റെ മക്കളെ അപായപ്പെടുത്താൻ സുധാകരന് പദ്ധതിയിട്ടിരുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി.

കുട്ടികൾ ചെറുപ്പമായിരുന്ന കാലത്താണ് സംഭവം.ഒരിക്കൽ സുധാകരനൊപ്പം പ്രവർത്തിച്ചിരുന്ന ഒരു കോൺഗ്രസ് നേതാവ് പിണറായി വിജയൻറെ വീട്ടിലെത്തുകയും കുട്ടികളെ കിഡ്നാപ് ചെയ്യാൻ സുധാകരന് പ്ലാൻ ചെയ്യുന്നതായി പറയുകയും ചെയ്തു. മമ്പറം ദിവാകരനെപോലെ സന്തത സഹചാരിയായിരുന്ന ആൾ സുധാകരന്റെ കയ്യിലിരിപ്പ് ഭയന്നാണ് രാഷ്ട്രീയ എതിരാളിയായിരുന്നിട്ടും പിണറായിയോട് ഈ വിവരം പറയാൻ മനസ്സുകാണിച്ചത്.

അങ്ങനെ പല മോഹങ്ങളും സുധാകരൻ കൊണ്ട് നടന്നിട്ടുണ്ടെന്നും അതൊന്നും പാലിക്കാത്തതിനാൽ ഇപ്പോൾ വീമ്പു പറഞ്ഞ് നടക്കുകയാണ് എന്നും മുഖ്യമന്ത്രി പരിഹസിച്ചു. ബ്രണ്ണൻ കോളേജിൽ ഉൾപ്പടെ നടന്ന വിഷയങ്ങളിൽ സുധാകരൻ അർദ്ധ നഗ്നനായി ഓടിയ സംഭവം ഉൾപ്പടെ വിശദീകരിച്ചായിരുന്നു പിണറായി വിജയന്റെ മറുപടി.

അന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയയെ കരിങ്കൊടി കാണിക്കാനുള്ള നീക്കത്തിനിടയിലാണ് വിദ്യാർത്ഥികൾ സുധാകരനെ അർദ്ധനഗ്നനായി ക്യാമ്പസിലൂടെ ഓടിച്ചത്.

കണ്ണൂർ കോൺഗ്രസ്സ് പ്രസിഡന്റ് ആയിരുന്ന പി.രാമകൃഷ്ണന്റെ സുധാകരനെതിരെയുള്ള വെളിപ്പെടുത്തലുകളും, മമ്പറം ദിവാകരന്റെ കുമ്പസാരവും ഒക്കെ ചേർത്ത് എണ്ണിയെണ്ണി കെ.സുധാകരന് കണക്കിന് കൊടുക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

ഇതിനിടയിൽ പരീക്ഷ ബഹിഷ്‌കരണത്തിന് ആഹ്വനം ചെയ്തിട്ട് കുട്ടികളെ പറ്റിച്ച് പരീക്ഷ എഴുതിയ മറ്റൊരു കോൺഗ്രസ്സ് നേതാവിന്റെ കാര്യവും മുഖ്യമന്ത്രി സൂചിപ്പിച്ചു.