കോവിഡ് വ്യാപനം: സർവകലാശാലാ പരീക്ഷകൾക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പ് മാർഗനിർദേശം പുറപ്പെടുവിച്ചു

0
68

 

കോവിഡ് വ്യാപന സാഹചര്യത്തിൽ സർവകലാശാലാ പരീക്ഷകൾ നടത്തുന്നതിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മാർഗനിർദേശം പുറപ്പെടുവിച്ചു.
രോഗവ്യാപനം തടയുന്നതിനുള്ള സർക്കാരിന്റെ മാർഗനിർദേശങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പാക്കണം.

അഗ്നിശമനസേന, തദ്ദേശസ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ ക്ലാസ്‌ മുറികൾ പരീക്ഷയ്ക്ക് മുമ്പും ശേഷവും അണുവിമുക്തമാക്കണം.

ഹോസ്റ്റലുകളിൽ കഴിയുന്ന വിദ്യാർഥികൾക്ക് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷാ ദിവസങ്ങളിൽ താമസം ഒരുക്കണം. ഇതിനുമുമ്പ്‌ ഹോസ്റ്റലുകളും അണുവിമുക്തമാക്കണം.

പരീക്ഷാകേന്ദ്രത്തിലേക്ക് ഒരു പ്രവേശന കവാടം മാത്രമേ പാടുള്ളൂ. വിദ്യാർഥികൾ, സ്‌ക്രൈബുകൾ, പരീക്ഷാ സ്‌ക്വാഡ് അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർക്ക്‌ മാത്രമാകും പ്രവേശനം. കവാടത്തിൽ ശരീരോഷ്മാവ് പരിശോധിക്കണം.

വിദ്യാർഥികൾ കൂട്ടംകൂടാനോ ചുറ്റിത്തിരിയാനോ പാടില്ല. പരീക്ഷാമുറികളിൽ സാനിറ്റൈസർ കരുതണം. പേന, പെൻസിൽ തുടങ്ങിയവ കൈമാറ്റം ചെയ്യരുത്. വിദ്യാർഥികൾ അറ്റൻഡൻസ് ഷീറ്റിൽ ഒപ്പിടേണ്ട.

പരീക്ഷ സുഗമമായി നടത്തുന്നതിന് സ്ഥാപനമേധാവി, വിദ്യാർഥി പ്രതിനിധികൾ, പിടിഎ, തദ്ദേശസ്ഥാപന പ്രതിനിധികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കണം.

അധിക ഫീസ് ഈടാക്കരുത്

റഗുലർ ക്ലാസുകൾ നടക്കാത്ത സാഹചര്യത്തിൽ ട്യൂഷൻ, പരീക്ഷ, സർവകലാശാലാ ഫീസുകൾ ഒഴികെയുള്ള ഫീസുകൾ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള സ്വാശ്രയ കോളേജുകൾ ആനുപാതികമായി കുറയ്ക്കണമെന്ന്‌ ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ ഓൺലൈൻ ക്ലാസുകളും പരീക്ഷയും നിഷേധിക്കരുത്‌.

കോളേജ് അധ്യാപകർക്കും മാർഗനിർദേശം

ലോക്‌ഡൗൺ നിയന്ത്രണങ്ങൾ ഭാഗികമായി മാത്രം പിൻവലിച്ച സാഹചര്യത്തിൽ കോളേജ് അധ്യാപകർ വർക്ക് ഫ്രം ഹോം ആയി പ്രവർത്തിച്ചാൽ മതിയെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്‌.

പരീക്ഷാ ചുമതലകളും പ്രിൻസിപ്പൽ നിർദേശിക്കുന്ന ജോലികളും നിർവഹിക്കേണ്ടവർ അതത്‌ ദിവസം കോളേജിൽ ഹാജരാകണം. അനധ്യാപകർ സർക്കാരിന്റെ പൊതുഉത്തരവിന്റെ അടിസ്ഥാനത്തിൽ ജോലിക്ക് ഹാജരാകണം. പ്രിൻസിപ്പൽ നിർദേശിക്കുന്ന ദിവസങ്ങളിലും കോളേജിൽ എത്തണം.