ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

0
101

 

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ നടത്തിയ പരാമർശത്തിൽ രാജ്യദ്രോഹക്കേസ് എടുത്തതിനെതിരെ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന നൽകിയ മുൻകൂർ ജാമ്യഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

ചാനൽ ചർച്ചയിലെ പരാമർശം ബോധപൂർവമായിരുന്നില്ല. താൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചു. സംഭവം വിവാദമായതിനെ തുടർന്ന് മാപ്പ് പറഞ്ഞിട്ടുണ്ട്. കവരത്തിയിലെത്തിയാൽ അറസ്റ്റ് ചെയ്യപ്പെടാൻ സാദ്ധ്യതയുണ്ടെന്നും, അതിനാൽ മുൻകൂർ ജാമ്യം നൽകണമെന്നുമാണ് ഹർജിയിൽ പറയുന്നത്.

ചാനൽ ചർച്ചയ്ക്കിടെ പ്രഫുൽ പട്ടേലിനെ ‘ബയോവെപ്പൺ’ എന്ന് വിശേഷിപ്പിച്ചതിന് എതിരെ ബി ജെ പി ലക്ഷദ്വീപ് അദ്ധ്യക്ഷൻ നൽകിയ പരാതിയിലാണ് ഐഷയ്‌ക്കെതിരെ കേസെടുത്തത്. നടപടിയിൽ പ്രതിഷേധിച്ച് ദ്വീപിലെ ബി ജെ പി നേതാക്കൾ പാർട്ടി വിട്ടിരുന്നു.