കൊവിഡ് വകഭേദങ്ങളെ തുരത്താൻ നോവാവാക്‌സ് ഫലപ്രദം: പഠനം

0
63

നോവവാക്‌സിന്റെ കൊവിഡ് വാക്‌സിൻ 90 ശതമാനം ഫലപ്രദമെന്ന് പഠനം. വൈറസ് വകഭേദങ്ങൾക്കെതിരെയും ഈ വാക്‌സിൻ ഫലപ്രദമാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

പുതിയ കൊവിഡ് വകഭേദങ്ങൾക്കെതിരെ 93 ശതമാനം ഫലപ്രദമാണെന്നാണ് കണ്ടെത്തലെന്ന് കമ്പനി അറിയിച്ചു. ഇടത്തരം, ഗുരുതര രോഗബാധിതരിൽ 100 ശതമാനം ഫലപ്രദവും ആകെ 90 ശതമാനം ഫലപ്രദവുമാണ് വാക്‌സിൻ എന്നാണ് വിവരം. മൂന്നാംഘട്ട പരീക്ഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മെക്‌സിക്കോ, യുഎസ് എന്നീ രാജ്യങ്ങളിലാണ് നോവവാക്‌സിന്റെ വാക്‌സിൻ സംബന്ധിച്ച് പഠനം നടന്നത്. മറ്റ് വാക്‌സിനുകളെ അപേക്ഷിച്ച് നോവവാക്‌സിന്റെ വാക്‌സിൻ സ്റ്റോർ ചെയ്യുന്നതും, വിതരണം ചെയ്യുന്നതും താരതമ്യേന എളുപ്പമാണ്. അതുകൊണ്ട് തന്നെ ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിലനിൽക്കുന്ന വാക്‌സിൻ പ്രതിസന്ധിക്ക് നോവവാക്‌സ് പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.

യുഎസ്, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ അനുമതിക്കായി അപേക്ഷിക്കാനാണ് നോവവാക്‌സിന്റെ നീക്കം. ഇതിന് പിന്നാലെ മറ്റ് രാജ്യങ്ങളിലും സമാന നീക്കം നടത്തും. സെപ്റ്റംബർ അവസാനത്തോടെ 100 മില്യൺ വാക്‌സിൻ ഡോസ് നിർമിക്കാനും കമ്പനി ലക്ഷ്യമിടുന്നു.

ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റിയൂട്ടാകും നോവാവാക്‌സ് നിർമ്മിക്കുക. ഇത് ഇന്ത്യയിലെ വാക്‌സിൻ ക്ഷാമത്തിന് പരിഹാരമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വർഷത്തിന്റെ മൂന്നാം പാദത്തിൽ പ്രതിമാസം 100 മില്യൺ ഡോസുകൾ ഉൽപാദിപ്പിക്കാനാണ് കമ്പനി തീരുമാനമെന്നും പ്രതിമാസം 150 മില്യൺ ഡോസ് ഈ വർഷം അവസാനത്തോടെ ഉൽപാദിപ്പിക്കാൻ കഴിയുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.