പെന്‍ഷന്‍ കുടിശ്ശിക ലഭിക്കാനുള്ളവരുടെ വിവരശേഖരണം: തീയതി നീട്ടി

0
58

പത്രപ്രവര്‍ത്തക-പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ പദ്ധതികളുടെ ഗുണഭോക്താക്കളില്‍ കുടിശ്ശിക തുക ലഭിക്കാനുള്ളവരുടെ വിവരം ജില്ലാ/മേഖലാ ഓഫീസുകളില്‍ നിന്ന് ഡയറക്ടറേറ്റില്‍ ലഭിക്കാനുള്ള അവസാന തീയതി ജൂണ്‍ 30 വരെ നീട്ടിയതായി ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ അറിയിച്ചു. കോവിഡ് ലോക്ഡൗണ്‍ കാരണം ജൂണ്‍ 16 വരെ സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണനിലയില്‍ പ്രവര്‍ത്തിക്കാത്ത സാഹചര്യം കണക്കിലെടുത്താണ് തീരുമാനം.

കുടിശ്ശിക തുക അനുവദിക്കാനുള്ള നടപടികളുടെ ഭാഗമായാണ് വിവരം ശേഖരിക്കുന്നത്. പെന്‍ഷന്‍ പദ്ധതികള്‍ ഏര്‍പ്പെടുത്തിയതിനു ശേഷം ഇതുവരെ പത്രപ്രവര്‍ത്തക പെന്‍ഷന്‍/പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍/ 50 ശതമാനം പത്രപ്രവര്‍ത്തക പെന്‍ഷന്‍/ 50 ശതമാനം പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍/ വിവിധ കുടുംബ പെന്‍ഷനുകള്‍/ 2000നു മുന്‍പുള്ളവരുടെ പെന്‍ഷന്‍ തുടങ്ങിയ ഇനങ്ങളില്‍ കുടിശ്ശിക ഉള്ളവരുടെ വിവരമാണ് ശേഖരിക്കുന്നത്.

ഓരോ ജില്ലയിലും നിലവില്‍ കുടിശ്ശിക തുക ലഭിക്കാനുള്ളവര്‍ വിവരങ്ങള്‍/രേഖകള്‍ അടിയന്തരമായി ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍/ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഇ-മെയില്‍ മുഖേനയോ, തപാല്‍ മുഖേനയോ അറിയിക്കണം. പേര്, വിലാസം, പെന്‍ഷന്‍ അനുവദിച്ച ഉത്തരവ് നമ്പരും തീയതിയും, എന്നു മുതല്‍ എന്നു വരെയുള്ള കുടിശിക ലഭിക്കാനുണ്ട് (മാസവും വര്‍ഷവും) എന്നീ വിവരങ്ങളാണ് നല്‍കേണ്ടത്.

പെന്‍ഷന്‍ അനുവദിച്ച ഉത്തരവിന്റെ കോപ്പിയും പെന്‍ഷന്‍ കൈപ്പറ്റിയതു രേഖപ്പെടുത്തിയ ട്രഷറി പാസ് ബുക്കിന്റെ കോപ്പിയും ഇതോടൊപ്പം അയയ്ക്കണം.കോവിഡ് പശ്ചാത്തലത്തില്‍ രേഖകള്‍ ഓഫസില്‍ നേരിട്ട് ചെന്ന് നല്‍കേണ്ടതില്ല.കൂടുതല്‍ വിവരത്തിന് അതതു ജില്ലാ /മേഖലാ ഓഫീസുമായി ഫോണ്‍ മുഖേന ബന്ധപ്പെടാം.