Exclusive കെ സുരേന്ദ്രന് പിന്നാലെ എം ഗണേശനും തെറിക്കും, സിദ്ധാർത്ഥൻ പുതിയ സംഘടനാ ജനറൽസെക്രട്ടറി

0
67

 

കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കാനുള്ള തീരുമാനത്തിന് പിന്നാലെ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയെയും മാറ്റാൻ ധാരണ. നിലവിലെ സംഘടനാ ജനറൽ സെക്രട്ടറി എം ഗണേശനെ നീക്കി പകരം പാലക്കാട് സ്വദേശിയായ സിദ്ധാർത്ഥിനെ പുതിയ സംഘടനാ ജനറൽ സെക്രട്ടറിയാക്കാനാണ് ആർഎസ്എസ് ഉന്നത നേതൃത്വത്തിന്റെ തീരുമാനം.

കുഴൽപ്പണക്കടത്ത് കേസിൽ പ്രത്യേക അന്വേഷകസംഘം ചോദ്യം ചെയ്ത സാഹചര്യത്തിലാണ് എം ഗണേശനെ തട്ടുന്നത്. തെരഞ്ഞെടുപ്പ് തോൽവിയും കുഴൽപ്പണ വിവാദവും പ്രതിസന്ധിയിലാക്കിയ കേരളാ ബിജെപി ഘടകത്തിൽ സമഗ്ര അഴിച്ചുപണി അനിവാര്യമാണെന്ന് ബിജെപി കേന്ദ്ര നേതൃത്വവും ആർഎസ്എസും നിർദ്ദേശിച്ചിരുന്നു. ഇതേത്തുടർന്നാണ് കെ സുരേന്ദ്രന്റെയും എം ഗണേശനെയും തെറിപ്പിക്കുന്നത്‌.

പാലക്കാട് സ്വദേശിയായ സിദ്ധാർത്ഥൻ ഡൽഹി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. വർഷങ്ങളായി ഡൽഹിയിൽ ആർഎസ്എസ് പ്രചാരകനാണ്. സംഘപരിവാറിലെ ഉന്നത നേതാക്കളുമായി ഉറ്റബന്ധം പുലർത്തുന്ന സിദ്ധാർത്ഥിനെ കേരളത്തിന്റെ സംഘടനാ ജനറൽ സെക്രട്ടറിയാക്കിയാൽ ബിജെപിയുടെ പ്രവർത്തനങ്ങളിൽ കൃത്യമായി ഇടപെടാൻ കഴിയുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്.

മാത്രമല്ല, നേതാക്കളുടെ വഴിവിട്ട പോക്കും രൂക്ഷമായ ഗ്രൂപ്പ് പോരും ഉന്നത സംഘപരിവാർ നേതാക്കളുടെ സഹായത്തോടെ നിലക്ക് നിർത്താൻ കഴിയുമെന്നും ആർഎസ്എസ് കരുതുന്നു. മലയാളി എന്ന നിലയിലും സിദ്ധാർത്ഥിന്റെ ഇടപെടൽ ഗുണകരമാകുമെന്നാണ് നേതാക്കൾ പറയുന്നത്.
ഗ്രൂപ്പ് പോരിന് ചുക്കാൻ പിടിക്കുന്ന കെ സുരേന്ദ്രനെ പ്രസിഡന്റ് സ്ഥാനത്തുനിന്നും തെറിപ്പിക്കാൻ നേരത്തെ ധാരണയായിരുന്നു.

പകരം എം ടി രമേശിനെ സംസ്ഥാന പ്രസിഡന്റാക്കാനാണ് നീക്കം. ആർഎസ്എസ് നിർദ്ദേശപ്രകാരമാണ് എം ടി രമേശിനെ സംസ്ഥാന പ്രസിഡന്റാക്കുന്നത്. തീവ്ര സംഘപരിവാർ നിലപാടുകാരനായ രമേശ്, ആർഎസ്എസ് നേതാക്കളുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന ആളുമാണ്.

നിലവിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. മുമ്പ് കെ സുരേന്ദ്രനെ പ്രസിഡന്റാക്കിയപ്പോൾ എം ടി രമേശിന്റെ പേരായിരുന്നു സംഘപരിവാർ മുന്നോട്ട് വെച്ചിരുന്നത്. എന്നാൽ, അവസാന നിമിഷം രമേശിനെ വി മുരളീധരൻ – കെ സുരേന്ദ്രൻ അച്ചുതണ്ട് ചേർന്ന് വെട്ടുകയായിരുന്നു.