മെഡിക്കൽ കോളേജിൽ കോഡിഡ്‌ ഇതര ചികിത്സ മുടങ്ങിയിട്ടില്ല, ഗ്ലൗസ്, മരുന്ന് ക്ഷാമം പരിഹരിച്ചു : ആരോഗ്യമന്ത്രി

0
94

 

മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകളും മറ്റ് അവശ്യസാധനങ്ങളും കൂടുതലായി എത്തിത്തുടങ്ങി.

മരുന്നുകളും ചികിത്സയ്ക്ക്‌ ആവശ്യമായ മറ്റ് അനുബന്ധ സാമഗ്രികൾക്കും കുറവ് അനുഭവപ്പെടാതിരിക്കാൻ ആരോഗ്യമന്ത്രി വീണ ജോർജ് ഇടപെട്ടു.ആശുപത്രിയിൽ കോവിഡ്‌ ഇതര ചികിത്സ മുടങ്ങിയെന്ന വാർത്ത അടിസ്‌ഥാന രഹിതമാണെന്നും സൂപ്രണ്ട്‌ അറിയിച്ചു.

രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധന കണക്കിലെടുത്ത് ഗ്ലൗസ് ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ വാങ്ങാൻ മന്ത്രി കേരള മെഡിക്കൽ സർവീസ് കോർപറേഷന് നിർദേശം നൽകി. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി 30,000 ഗ്ലൗസ്‌ ആശുപത്രിയിലെത്തിച്ചു.

ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്ക്‌ ആവശ്യമായ ആംഫോ ടെറിസിൻ 400 വയലും എത്തിയിട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിലും മരുന്നുകളും മറ്റ് സാമഗ്രികളും തടസ്സമില്ലാതെ ലഭ്യമാക്കാനുള്ള നടപടി മെഡിക്കൽ സർവീസ് കോർപറേഷനും സ്വീകരിച്ചിട്ടുണ്ട്.

കോവിഡ്‌ ഇതര ചികിത്സ മുടങ്ങിയിട്ടില്ല

മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ഇതര ചികിത്സകൾ മുടങ്ങിയെന്ന വാർത്ത അടിസ്ഥാനരഹിതം. നേരത്തേ നിശ്ചയിച്ചതും അടിയന്തരമായി ചികിത്സ വേണ്ടാത്തതുമായ ശസ്ത്രക്രിയകൾ ഒഴികെ മറ്റെല്ലാതരം ചികിത്സകളും നടക്കുന്നുണ്ട്. ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി തുടങ്ങിയ ഹൃദയസംബന്ധമായ ചികിത്സകൾക്കും ക്യാൻസർ, പക്ഷാഘാതം, അസ്ഥിരോഗം തുടങ്ങിയ ചികിത്സകളും മുടങ്ങിയിട്ടില്ല.

അത്യാഹിതവിഭാഗവും 24 മണിക്കൂറും പ്രവർത്തിക്കുന്നു. ഒപികൾ കോവിഡ് സാഹചര്യമായതിനാൽ നിയന്ത്രിതമായി പ്രവർത്തിക്കുന്നുണ്ട്. ഒപിയിലെത്താൻ കഴിയാത്തവർ ഓൺലൈൻ ചികിത്സാ സംവിധാനമായ ഇ സഞ്ജീവനിയെയും ആശ്രയിക്കുന്നുണ്ടെന്ന് സൂപ്രണ്ട് എം എസ് ഷർമ്മദ് അറിയിച്ചു.