ബി.ജെ.പിയോടുള്ള കെ.പി.സി.സി സമീപനത്തിൽ കോൺഗ്രസ് ഹൈക്കമാന്റ് നിലപാട് വ്യക്തമാക്കണമെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ ഹൈക്കമാന്റ് ഇടപെട്ടാണ് പ്രതിപക്ഷ നേതാവിനെയും കെ.പി.സി.സി അദ്ധ്യക്ഷനെയും മാറ്റിയത്.
പുതിയതായി നിയമിതനായ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ബി.ജെ.പി മുഖ്യശത്രുവല്ലെന്നും അതിനാൽ എതിർക്കപ്പെടേണ്ടതില്ലെന്നുമാണ് പരസ്യമായി പ്രഖ്യാപിച്ചത്.വർഗ്ഗീയതയുമായി ഏത് അവസരത്തിലും കേരളത്തിലെ കോൺഗ്രസ് സന്ധിചേരുമെന്നതിന്റെ വ്യക്തമായ സൂചനകളാണ് ഇത് നൽകുന്നത്. എല്ലാക്കാലത്തും ബി.ജെ.പിയോട് സൗഹാർദ്ദ സമീപനം എന്നത് നിയുക്ത കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ മുഖമുദ്രയുമാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിരവധി മണ്ഡലങ്ങളിൽ യു.ഡി.എഫ്-ബി.ജെ.പി കൂട്ടുക്കെട്ട് ഉണ്ടായിരുന്നതിന്റെ വ്യക്തമായ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലും കോൺഗ്രസ് വർഗ്ഗീയ ശക്തികളുമായി കൈകോർത്തു. ഇത് കേരളത്തിലെ ജനങ്ങൾ നിഷ്‌ക്കരുണം തള്ളിക്കളഞ്ഞതിന് തെളിവാണ് തെരഞ്ഞെടുപ്പിലെ വിധിയെഴുത്ത്.
എന്നിട്ടും അതിൽ നിന്ന് പിന്മാറാൻ ഒരുക്കമല്ലെന്ന സൂചനയാണ് കെ.പി.സി.സി നേതൃത്വം മുന്നോട്ടുവയ്‌ക്കുന്നത്. കോൺഗ്രസ് ദേശീയ നേതൃത്വത്തിനും പ്രത്യേകിച്ച് സോണിയ ഗാന്ധിക്കും ഈ നിലപാട് ആണോ എന്ന് അറിയാൻ കേരളത്തിലെ ജനങ്ങൾക്ക് താൽപ്പര്യമുണ്ട്. തെരഞ്ഞെടുപ്പ് തോൽവിയിൽ നിന്ന് പാഠം ഉൾക്കൊള്ളാതെ ബി.ജെ.പിയുമായി സ്ഥിരം സഖ്യത്തിലേർപ്പെടാനുള്ള നീക്കമായേ ഇപ്പോഴത്തെ പ്രഖ്യാപനങ്ങളൈ കാണാൻ കഴിയൂ.
തീവ്രഹിന്ദുത്വം പ്രചരിപ്പിച്ചും കോടികളുടെ കുഴൽപ്പണം ഇറക്കിയുമാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ബി.ജെ.പിയുടെ കുഴൽപ്പണം, കോഴ ഇടപാടുകളെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നിട്ടും അതിനോട് ശക്തിയായി പ്രതികരിക്കാൻ യു.ഡി.എഫ് തയ്യാറായിട്ടില്ല. സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങളെ തുരങ്കം വയ്‌ക്കുന്നതിലാണ് അവർക്ക് താൽപ്പര്യമെന്ന് സെക്രട്ടേറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.
ബിജെപിയോടുള്ള കെപിസിസി സമീപനത്തിൽ ഹൈക്കമാന്റ് നിലപാട് വ്യക്തമാക്കണം: സിപിഐ എം