ലോക രക്തദാതാ ദിനാചരണം തിങ്കളാഴ്ച, സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും

0
98

 

ലോക രക്തദാതാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 14ന് വൈകിട്ട് മൂന്നിന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ഓൺലൈനായി നിർവഹിക്കും.

സന്നദ്ധ രക്തദാനത്തിന്റെ ആവശ്യകത, മഹത്വം എന്നിവയെക്കുറിച്ച് എല്ലാ വിഭാഗം ജനങ്ങളിലും അവബോധം സൃഷ്ടിക്കുക, ദശലക്ഷക്കണക്കിന് ആൾക്കാരുടെ ജീവൻ രക്ഷിക്കുവാൻ വേണ്ടി വർഷംതോറും യാതൊരു പ്രതിഫലവും വാങ്ങാതെ സന്നദ്ധമായി രക്തം ദാനം ചെയ്തവരെ ആദരിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ദിനാചരണം.

‘രക്തം ദാനം ചെയ്യൂ, ലോകത്തിന്റെ സ്പന്ദനം നിലനിർത്തൂ’ എന്നുള്ളതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം.

18നും 65നും മധ്യേ പ്രായവും കുറഞ്ഞത് 45 കിലോഗ്രാം ഭാരവും ശാരീരികവും മാനസികവുമായ ആരോഗ്യവുമുള്ള ഏതൊരാൾക്കും മൂന്ന് മാസം കൂടുമ്പോൾ രക്ത ദാനം ചെയ്യാവുന്നതാണ്. കൃത്യമായ ഇടവേളകളിൽ രക്തദാനം ചെയ്യുന്നതിലൂടെ രക്ത ദാതാവിനും ഒട്ടേറെ ഗുണങ്ങൾ ലഭിക്കുന്നു. ഇന്ത്യയിൽ രക്തദാനം ചെയ്യുന്നവരിൽ കേവലം 6 ശതമാനം മാത്രമാണ് സ്ത്രീകൾ.

എന്നാലിപ്പോൾ ധാരാളം പെൺകുട്ടികൾ രക്തദാനത്തിനായി മുന്നോട്ട് വരുന്നുണ്ട്. ഈ കോവിഡ് കാലത്ത് രക്തദാനത്തിന് വളരെയേറെ പ്രസക്തിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.