എം ടി രമേശ് ബിജെപി സംസ്ഥാന പ്രസിഡന്റായേക്കും, തീരുമാനം ആർഎസ്എസ് നിർദ്ദേശപ്രകാരം

0
127

എം ടി രമേശിനെ ബിജെപി സംസ്ഥാന പ്രസിഡന്റാക്കാൻ ധാരണ. ആർഎസ്എസ് നിർദ്ദേശപ്രകാരമാണ് എം ടി രമേശിനെ സംസ്ഥാന പ്രസിഡന്റാക്കുന്നത്. തീവ്ര സംഘപരിവാർ നിലപാടുകാരനായ രമേശ്, ആർഎസ്എസ് ഉന്നത നേതാക്കളുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന നേതാവുമാണ്. നിലവിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. മുമ്പ് കെ സുരേന്ദ്രനെ പ്രസിഡന്റാക്കിയപ്പോൾ എം ടി രമേശിന്റെ പേരായിരുന്നു സംഘപരിവാർ മുന്നോട്ട് വെച്ചിരുന്നത്. എന്നാൽ, അവസാന നിമിഷം രമേശിനെ വി മുരളീധരൻ-കെ സുരേന്ദ്രൻ അച്ചുതണ്ട് ചേർന്ന് വെട്ടുകയായിരുന്നു.

രമേശിനെ സംസ്ഥാന പ്രസിഡന്റാക്കുന്നതിന്റെ മുന്നോടിയായി കേന്ദ്ര നേതൃത്വം നീക്കങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി എം ടി രമേശിന്റെ അധ്യക്ഷതയില്‍ സംസ്ഥാന സമിതി യോഗം ചേര്‍ന്നു. മാത്രമല്ല, കഴിഞ്ഞ ദിവസം സുരേന്ദ്രനെ മാറ്റിനിർത്തി രമേശിന്റെ സാന്നിധ്യത്തിൽ അടിയന്തിര ഭാരവാഹി യോഗവും ചേർന്നിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രവർത്തനങ്ങളിൽ കടുത്ത അതൃപ്തിയുള്ള ആർഎസ്എസ് സംഘടന ജനറൽ സെക്രട്ടറിക്ക് നൽകിയ നിർദ്ദേശപ്രകാരമാണ് അടിയന്തിര ഭാരവാഹി യോഗം വിളിച്ചുചേർത്തത്.

ശനിയാഴ്ചയും ഞായറാഴ്ച പകലുമായി ചേർന്ന ബിജെപി കേന്ദ്ര നേതാക്കളുടെ കൂടിയാലോചന യോഗത്തിൽ എം ടി രമേശിനെ പ്രസിഡന്റാക്കണമെന്ന നിർദ്ദേശവും ഉയർന്നിട്ടുണ്ട്. സുരേന്ദ്രനെ മാറ്റാതെ കേരളത്തിലെ ബിജെപി രക്ഷപ്പെടില്ലെന്ന തിരിച്ചറിവിനെതുടർന്നാണ് രമേശിനെ നിയോഗിക്കുന്നതിന് കാരണമെന്ന് ഉന്നത ബിജെപി വൃത്തങ്ങൾ സൂചിപ്പിച്ചു. കേന്ദ്ര നേതാക്കളെ കാണാൻ ദിവസങ്ങളായി സുരേന്ദ്രനെ ഡൽഹിയിൽ അലയുന്നുണ്ടെങ്കിലും ഒരാളെയും കാണാനായില്ല. ദേശീയ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും കടുത്ത ഭാഷയിൽ സുരേന്ദ്രനെ വിമർശിക്കുകയായിരുന്നു ജെ പി നദ്ദ. അമിത്ഷായും പ്രകാശ് ജാവദ്ക്കറും അടക്കമുള്ളവർ സുരേന്ദ്രനെ കാണാൻ കൂട്ടാക്കിയുമില്ല. ഇതിനിടയിലാണ് സുരേന്ദ്രനെ മാറ്റാൻ ദേശീയ നേതാക്കൾ ധാരണയിലെത്തിയത്.

കുഴല്‍പ്പണക്കേസും നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയവും ബിജെപിയില്‍ കടുത്ത ആഭ്യന്തര പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതായി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. സുരേന്ദ്രനെതിരെ ഒരു വിഭാഗം സംസ്ഥാനനേതാക്കള്‍ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സുരേന്ദ്രനെ നീക്കാന്‍ സാധ്യതയേറുന്നത്. ബിജെപി കേന്ദ്രനേതൃത്വത്തിന്റെ പൂര്‍ണ്ണ പിന്തുണ ഉറപ്പിക്കാനാകാതെയാണ് നാല് ദിവസം ഡൽഹിയിൽ കറങ്ങിയശേഷം സുരേന്ദ്രന്‍ കേരളത്തിലേക്ക് മടങ്ങിയെത്തുന്നത്. സുരേന്ദ്രന്റെ നേതൃത്വത്തില്‍ ആര്‍എസ്എസിനും കടുത്ത അതൃപ്തിയുണ്ട്.

ബിജെപിക്ക് സിറോ ബാലൻസ്, നേതാക്കൾക്ക് കോടികളുടെ ആസ്തി