രാജ്യദ്രോഹികളെക്കൊണ്ട് ഇന്ത്യ നിറയാൻ പോകുന്നു , ഐഷ സുൽത്താനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് തോമസ് ഐസക്

0
93

 

സാമൂഹിക പ്രവർത്തക ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടിയിൽ പ്രതിഷേധമറിയിച്ച് മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി ശബ്ദമുയർത്തുന്നത് രാജ്യദ്രോഹമാണെങ്കിൽ, രാജ്യദ്രോഹികളെക്കൊണ്ട് ഇന്ത്യ നിറയാൻ പോവുകയാണെന്ന് ഐസക് ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ വിമർശിച്ചതിന്റെ പേരിൽ ചലച്ചിത്രപ്രവർത്തക ഐഷ സുൽത്താനയ്ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ബിജെപിയുടെ ഭീരുത്വത്തിന്റെ തെളിവാണ്. കേസിനെ ഭയമില്ലെന്ന് അവർ പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രതിഷേധിക്കുന്നവരുടെ വായടപ്പിക്കാൻ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന കലാപരിപാടി ആരംഭിച്ചത് ബ്രിട്ടീഷ് സർക്കാരാണ്. ബ്രിട്ടീഷുകാരെ വിമർശിച്ചത് ലേഖനമെഴുതിയതിന്റെ പേരിൽ ഗാന്ധിജിയ്ക്കെതിരെ ചുമത്തിയ കുറ്റമാണിത്.

ഗോഡ്സെയുടെയും സവർക്കറുടെയും പിന്മുറക്കാരും ബ്രിട്ടീഷുകാരുടെ പാത പിന്തുടരുന്നതിൽ അത്ഭുതമെന്ത്? സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി ശബ്ദമുയർത്തുന്നത് രാജ്യദ്രോഹമാണെങ്കിൽ, രാജ്യദ്രോഹികളെക്കൊണ്ട് ഇന്ത്യ നിറയാൻ പോവുകയാണ്.

ഐഷ സുൽത്താന ഉയർത്തിയതിനേക്കാൾ രൂക്ഷമായ വിമർശനം പ്രഫുൽ പട്ടേൽ അർഹിക്കുന്നുണ്ട്. കോവിഡ് ഒന്നാം വ്യാപന കാലത്ത് ലക്ഷദ്വീപിൽ ഒരു രോഗിപോലും ഉണ്ടായില്ല. കാരണം ദ്വീപിലേയ്ക്കുവരുന്ന എല്ലാവരും ക്വാറന്റൈനിൽ കഴിഞ്ഞേ കപ്പിലിൽ കയറാൻ അനുവാദം നൽകിയിരുന്നുള്ളൂ.

എന്നാൽ പുതിയ അഡ്മിനിസ്ട്രേറ്റർ ഒരു കാരണവും പറയാതെ, ഒരാളോടും ചർച്ച ചെയ്യാതെ ഈ നിബന്ധന മാറ്റി. അങ്ങനെയാണ് കോവിഡ് ലക്ഷദ്വീപിൽ എത്തിയത്. ഇതുവരെ 9000 പേർ രോഗികളായി.

ഇതുപറഞ്ഞ് ദ്വീപുകളിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. താൻ നടപ്പാക്കുന്ന ഭ്രാന്തൻ നയങ്ങൾ സൃഷ്ടിച്ചേക്കാവുന്ന പ്രതിഷേധത്തെ അടിച്ചമർത്താൻ ലോക്ഡൗണിനെ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെ അഡ്മിനിസ്ട്രേറ്ററുടെ കൈയ്യിൽ കോവിഡ് ജനങ്ങൾക്കെതിരെയുള്ള ഒരു ബയോവെപ്പണായി. ഇതുതന്നെയാണോ ഐഷ ഉദ്ദേശിച്ചതെന്ന് എനിക്ക് അറിയില്ല. പക്ഷെ, എന്റെ വായന ഇതാണ്.

സുപ്രിംകോടതി രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിനെക്കുറിച്ചു പറഞ്ഞതൊന്നും ലക്ഷദ്വീപ് ഭരണകൂടത്തിനു ബാധകമല്ല എന്നാണു ഭാവം. അവിടുത്തെ തട്ടിക്കുട്ട് ബിജെപിയുടെ പ്രസിഡന്റ് പരാതി കൊടുക്കുന്നു. പൊലീസ് എഫ്ഐആർ ഇടുന്നു. എന്നാൽ ഐഷ പ്രഖ്യാപിക്കുന്നു:
ഒറ്റുകാരിൽ ഉള്ളതും നമ്മിൽ ഇല്ലാത്തതും ഒന്നാണ് ഭയം…

തളർത്തിയാൽ തളരാൻ വേണ്ടിയല്ലാ ഞാൻ നാടിന് വേണ്ടി ശബ്ദം ഉയർത്തിയത് എൻ്റെ ശബ്ദം ഇനിയാണ് ഉച്ചത്തിൽ ഉയരാൻ പോവുന്നത്…

ഈസ്റ്റിന്ത്യാ കമ്പനിയും വിക്ടോറിയാ രാജ്ഞിയും ഇന്ത്യയെ അടക്കിഭരിച്ചതുപോലെ വാണരുളാം എന്നാണ് ബിജെപിയുടെ മോഹം എന്നു തോന്നുന്നു. ദേശാഭിമാനപ്രചോദിതരായി തെരുവിലിറങ്ങിയ രാജ്യസ്നേഹികളെ നേരിടാൻ ബ്രിട്ടീഷുകാർ എടുത്തു പ്രയോഗിച്ച അടവുകളെല്ലാം മുറ തെറ്റാതെ നരേന്ദ്രമോദിയും അനുവർത്തിക്കുന്നുണ്ട്.

പക്ഷേ, അന്തിമ വിജയം ബ്രിട്ടീഷുകാർക്കായിരുന്നില്ല. അത് ഓർമ്മ വെയ്ക്കുന്നത് നല്ലതാണ്. തോക്കും ലാത്തിയും കേസും കോടതിയുമൊക്കെ ആവുംമട്ട് പ്രയോഗിച്ചിട്ടും സ്വാതന്ത്ര്യസമരം വിജയിക്കുക തന്നെ ചെയ്തു. അതുപോലെ തന്നെയാണ് ഈ ദുർഭരണവും. പൊരുതി നേടിയ സ്വാതന്ത്ര്യവും ജനാധിപത്യാവകാശങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടത്തിനും രാജ്യത്തിന് മടിയൊന്നുമുണ്ടാകില്ല. ഐഷ സുൽത്താനയ്ക്ക് എല്ലാ പിന്തുണയും അഭിവാദ്യങ്ങളും നേരുന്നു.