പ്രമുഖ കന്നഡ കവിയും ആക്ടിവിസ്റ്റുമായ ഡോ. സിദ്ധലിംഗയ്യ കോവിഡ്​ ബാധിച്ച്‌​ മരിച്ചു

0
61

 

പ്രശസ്ത കന്നഡ കവിയും നാടകകൃത്തും ആക്​ടിവിസ്​റ്റുമായ ഡോ. സിദ്ധലിംഗയ്യ കോവിഡ് ബാധിച്ച്‌ മരിച്ചു. 67 വയസായിരുന്നു. കോവിഡ് ബാധിച്ച് കഴിഞ്ഞ മാസം നാലിനാണ് ബംഗളുരുവിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏതാനും ദിവസമായി ആരോഗ്യനില വഷളായിരുന്നു. നില ഗുരുതരമായതോടെ വെള്ളിയാഴ്ച വൈകിട്ട് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

എന്നാൽ, വൈകിട്ടോടെ മരിച്ചു. കന്നഡ ഭാഷയിലെ ശ്രദ്ധേയരായ കവികളിൽ ഒരാളായിരുന്നു. കന്നഡ ദളിത് കവി എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ട സിദ്ധലിംഗയ്യ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾക്കൊപ്പം സജീവമായി പ്രവർത്തിച്ചു. സാഹിത്യ അക്കാദമി അവാർഡ്, ‘പംപ’ പുരസ്‌കാരം, നാടോജോ പുരസ്‌കാരം, രാജ്യോത്സവ അവാർഡ് എന്നിവക്ക് അർഹനായി.

ശ്രവണബലഗൊളയിൽ നടന്ന 81-മത് കന്നഡ സാഹിത്യ സമ്മേളനത്തിന്റെ അധ്യക്ഷനായി. 1980-ൽ കർണാടക നിയമ നിർമാണ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1988ലും 2006 ലും എംഎൽഎയായി. കന്നഡ വികസന അതോറിറ്റി മുൻ ചെയർമാൻ, ബംഗളുരു സർവകലാശാലയിലെ കന്നഡ അധ്യാപകൻ എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യയും രണ്ടു മക്കളുമുണ്ട്‌. ഭാര്യ അടുത്തിടെയാണ് കോവിഡ് മുക്തയായത്.