ജോർജ് ഫ്‌ളോയ്ഡിന്റെ ദൃശ്യങ്ങൾ പകർത്തിയ ഡാർനല്ല ഫ്രേസിയർക്ക് പുലിറ്റ്‌സർ പ്രൈസിൽ പ്രത്യേക അവാർഡ്

0
96

 

 

അമേരിക്കയിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതക ദൃശ്യം വിഡിയോയിൽ ചിത്രീകരിച്ച പെൺകുട്ടിക്ക് പുലിറ്റ്‌സർ പ്രൈസിൽ പ്രത്യേക പുരസ്‌കാരം.ജോർജ് ഫ്‌ളോയ്ഡിന്റെ കൊലപാതകം വീഡിയോയിൽ പകർത്താൻ ധീരത കാണിച്ചതിനാണ് ഡാർനല്ല ഫ്രേസിയറിനെ ആദരിക്കുന്നതെന്ന് പുലിറ്റ്‌സർ അവാർഡ് പ്രഖ്യാപനത്തിൽ പറഞ്ഞു.

പൊലീസ് അനീതിക്കെതിരെ പ്രതിഷേധത്തിന് കാരണമായ ഈ വീഡിയോ നീതിക്കും സത്യത്തിനും വേണ്ടിയുള്ള മാധ്യമപ്രവർത്തനത്തിൽ സാധാരണ പൗരന്മാരുടെ പ്രാധാന്യം വിളിച്ചോതുന്നതാണെന്നും അവാർഡ് പ്രഖ്യാപനത്തിൽ പറയുന്നു.

അമേരിക്കൻ നഗരമായ മിനപോളിസിൽ വെച്ച് 2020 മെയ് 25നാണ് ജോർജ് ഫ്‌ളോയിഡ് കൊല്ലപ്പെട്ടത്. വ്യാജ കറൻസി കൈയ്യിൽ വെച്ചെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത ഫ്ളോയിഡിനെ വെള്ളക്കാരനായ പൊലീസ് ഉദ്യോഗസ്ഥൻ ഡെറക് ചൗവിൻ കാൽമുട്ടുകൊണ്ട് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.

പതിനേഴുകാരിയായ ഡാർനല്ല ഫ്രേസിയർ കൊലപാത ദൃശ്യം തന്റെ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. മിനസോട്ടയിലെ മിനിയാപൊളിസ് നഗരത്തിൽ നടന്ന സംഭവം ലോകമെങ്ങും വലിയ പ്രതിഷേധങ്ങൾക്കാണ് വഴിവച്ചത്.