Wednesday
17 December 2025
26.8 C
Kerala
HomeKeralaസംസ്ഥാനത്ത് 25 ശതമാനത്തിലധികം പേർക്ക് ഒന്നാം ഡോസ് വാക്സിൻ നൽകി: ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് 25 ശതമാനത്തിലധികം പേർക്ക് ഒന്നാം ഡോസ് വാക്സിൻ നൽകി: ആരോഗ്യ വകുപ്പ്

 

 

സംസ്ഥാനത്ത് ജനസംഖ്യയുടെ 25 ശതമാനത്തിലധികം പേർക്ക് ഒന്നാം ഡോസ് കോവിഡ് 19 വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ ആകെ 1,09,61,670 ഡോസ് വാക്സിനാണ് നൽകിയത്.

അതിൽ 87,52,601 പേർക്ക് ഒന്നാം ഡോസ് വാക്സിനും 22,09,069 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയത്. 2011ലെ സെൻസസ് അനുസരിച്ച് 26.2 ശതമാനം പേർക്ക് ഒന്നാം ഡോസും 6.61 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്.

ഏറ്റവുമധികം വാക്സിൻ നൽകിയത് തിരുവനന്തപുരത്താണ്. 10,08,936 പേർക്ക് ഒന്നാം ഡോസ് വാക്സിനും 2,81,828 പേർക്ക് രണ്ടാം ഡോസ് വാക്സിനും ഉൾപ്പെടെ 12,90,764 ഡോസ് വാക്സിനാണ് തിരുവനന്തപുരം ജില്ലയിൽ നൽകിയത്.

കോവിഡ് മൂന്നാം തരംഗത്തെ നേരിടാനായി ആക്ഷൻ പ്ലാൻ രൂപീകരിച്ച് പരമാവധി പേർക്ക് വാക്സിൻ നൽകാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വാക്സിനേഷൻ ടീമിന്റെ അവലോകന യോഗം നടത്തി. വാക്സിൻ ലഭ്യമാക്കുന്ന മുറയ്ക്ക് വാക്സിനേഷൻ പ്രക്രിയ വേഗത്തിലാക്കാൻ മന്ത്രി നിർദേശം നൽകി.

സംസ്ഥാനത്തിനാകെ ഇതുവരെ 1,05,13,620 ഡോസ് വാക്സിനാണ് ലഭ്യമായത്. അതിൽ 7,46,710 ഡോസ് കോവിഷീൽഡ് വാക്സിനും 1,37,580 ഡോസ് കോവാക്സിനും ഉൾപ്പെടെ ആകെ 8,84,290 ഡോസ് വാക്സിനാണ് സംസ്ഥാനം വാങ്ങിയത്.

86,84,680 ഡോസ് കോവിഷീൽഡ് വാക്സിനും 9,44,650 ഡോസ് കോവാക്സിനും ഉൾപ്പെടെ ആകെ 96,29,330 ഡോസ് വാക്സിൻ കേന്ദ്രം നൽകിയതാണ്. വരും ദിവസങ്ങളിൽ കൂടുതൽ വാക്സിൻ ലഭ്യമാകുമെന്ന അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് 1,41,909 പേരാണ് കഴിഞ്ഞ ദിവസം വാക്സിൻ സ്വീകരിച്ചത്. സംസ്ഥാനത്ത് ജനുവരി 16 നാണ് കോവിഡ് വാക്സിനേഷൻ ആരംഭിച്ചത്. വാക്സിന്റെ ലഭ്യതക്കുറവ് കാരണം മുൻഗണനാക്രമം അനുസരിച്ചാണ് വാക്സിൻ നൽകി വരുന്നത്. ഇപ്പോൾ 40 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകി വരുന്നു.

ഇതോടൊപ്പം കോവിഡ് മുന്നണി പോരാളികൾ, അനുബന്ധ രോഗമുള്ളവർ, കിടപ്പ് രോഗികൾ തുടങ്ങിയ 18നും 45നും ഇടയ്ക്ക് പ്രായമുള്ള 56 വിഭാഗങ്ങളിലുള്ളവരെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി വാക്സിൻ നൽകി വരുന്നു. വിദേശ രാജ്യങ്ങളിൽ പോകുന്നവരേയും മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments