BREAKING … പനമരം ഇരട്ടക്കൊലപാതകം: അക്രമികൾ വീടിനുള്ളിൽ തന്നെയുണ്ടായിരുന്നുവെന്ന് കണ്ടെത്തൽ,കേസന്വേഷണം വഴിത്തിരിവിൽ

0
90

അനിരുദ്ധ്.പി.കെ

പനമരം നെല്ലിയമ്പത്തെ ഇരട്ടക്കൊലപാതകം, കേസിൽ നിർണായക വിവരം ലഭിച്ചതായി പോലീസ്. സംഭവം നടന്ന ദിവസം അക്രമികൾ വീടിനുള്ളിൽ തന്നെ ഉണ്ടായിരുന്നതായി പോലീസ്. മാനന്തവാടി ഡി വൈ എസ് പി എ.പി.ചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് സുപ്രധാന വിവരം ലഭിച്ചത്. സംഭവ ദിവസം കൊലപാതകികൾ വീടിനുള്ളിൽ ഉണ്ടായിരുന്നെന്നും.അക്രമികൾ മുകളിലെ നിലയിൽ നിന്നും ഇറങ്ങി വരികയായിരുന്നു എന്നുമാണ് കണ്ടെത്തൽ. കൊല്ലപ്പെട്ട കേശവൻ മാസ്റ്റർ പദ്മാവതി ദമ്പതികൾക്ക് മൂന്നു മക്കളാണ് ഉള്ളത്.മക്കളായ മഹേഷ് മാനന്തവാടിയിലും മുരളി കോഴിക്കോടും മിനിജ കൂടോത്തുമ്മലിലുമാണ് താമസം. ഇവരുമായി സ്വത്ത് തർക്കം നിലനിൽക്കുന്നുണ്ട് എന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

പ്രതികൾക്കായുള്ള ഊർജിതമായ തിരച്ചിൽ പുരോഗമിക്കുകയാണ്. തുടക്കത്തിൽ മോഷണ ശ്രമം എന്ന നിഗമനമാണ് പൊലീസിന് ഉണ്ടായിരുന്നത് എന്നാൽ കുറ്റകൃത്യത്തിലെ അശാസ്ത്രീയത പോലീസിനെ വ്യത്യസ്ത വഴികളിൽ അന്വേഷിക്കാൻ പ്രേരണ നൽകി. സംഭവം നടക്കുന്നത് രാത്രി 8 .30 നാണ്. മോഷണമാണ് ഉദ്ദേശിച്ചിരുന്നത് എങ്കിൽ വൃദ്ധ ദമ്പതികൾ മാത്രം താമസിക്കുന്ന വീട്ടിൽ ഈ സമയം തെരഞ്ഞെടുക്കുമായിരുന്നില്ല.കുടുംബവുമായി അടുപ്പമുള്ളവരോ, അല്ലെങ്കിൽ കൊല്ലപ്പെട്ടവരുടെ പരിചയം ഉള്ളവരോ ആകാം കൊലയ്ക്ക് പിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്. അക്രമികൾ നേരത്തെ തന്നെ വീടിനുള്ളിൽ കയറിക്കൂടിയതാണോ എന്നും അന്വേഷിക്കുന്നുണ്ട്.

കേസിൽ അയൽവാസിയും പോലീസുദ്യോഗസ്ഥനുമായ അജിത്തിന്റെ മൊഴിയും അന്വേഷണത്തിന് ഊർജം നൽകി. കരച്ചില്‍ കേട്ട് സംഭവസ്ഥലത്ത് ഓടിയെത്തിയ താന്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന കേശവന്‍ മാസ്റ്ററേയും, ഭാര്യ പത്മാവതിയേയും മാത്രമാണ് കണ്ടതെന്ന് ഇവരുടെ ബന്ധുവും അയല്‍വാസിയും പൊലിസ് ഉദ്യോഗസ്ഥനുമായ അജിത്ത് പറഞ്ഞു. മുഖം മൂടി ധരിച്ച രണ്ട് പേര്‍ അക്രമിച്ചതായി പദ്മാവതിയമ്മ അജിത്തിനോട് പറഞ്ഞിരുന്നു പിന്നെയും ചില കാര്യങ്ങൾ പറഞ്ഞെങ്കിലും അവ്യക്തമായിരുന്നതിനാൽ മനസിലാക്കാനായില്ല എന്നും അജിത് പറഞ്ഞു. വീട്ടില്‍ നിന്നും വിലപിടിപ്പുള്ളതെന്നും കാണാതായിട്ടില്ലെന്നാണ് പ്രാഥമിക വിവരം. കൂടാതെ ആക്രമികള്‍ വീട്ടില്‍ അതിക്രമിച്ച് കയറിയതിന്റെ ലക്ഷണങ്ങളുമില്ല. ഈ സാഹചര്യത്തിലാണ്, ബന്ധുക്കളോ പരിചയക്കാരോ ആവാം കൊലപാതകത്തിന് പിന്നിലെന്ന പോലീസ് സംശയത്തിന് പ്രാധാന്യം നൽകുന്നത്. പ്രതികൾ ജില്ലാ വിട്ട് പോയിട്ടില്ലെന്നും ഉടനെ പിടികൂടാനാകുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.