സംസ്ഥാനത്തെ കൊവിഡ് വാക്സിൻ ഉത്പാദന യൂണിറ്റ് തിരുവനന്തപുരത്ത്

0
69

 

സംസ്ഥാനത്തെ വാക്സിൻ ഉത്പാദന യൂണിറ്റ് തിരുവനന്തപുരത്ത് സ്ഥാപിക്കും. തോന്നയ്ക്കലിലാണ് വാക്സിൻ ഉത്പാദന യൂണിറ്റ് നിർമിക്കുക.

പ്രോജക്‌ട് ഡയറക്ടറായി ഡോ. എസ് ചിത്രയെ നിയമിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൽ ഇക്കാര്യങ്ങൾക്ക് തത്വത്തിൽ അനുമതി നൽകി. വാക്സിൻ നിർമാതാക്കളുമായി ചർച്ച നടത്താൻ വർക്കിംഗ് ഗ്രൂപ്പിനെ നിയമിച്ചു.

ഡോ. കെ പി സുധീർ (ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി) ചെയർമാനും ഡോ. ബി ഇക്ബാൽ (സ്റ്റേറ്റ് ലെവൽ എക്സ്പേർട്ട് കമ്മിറ്റി കോവിഡ് മാനേജ്മെൻറ്), ഡോ. വിജയകുമാർ (വാക്സിൻ വിദഗ്ദ്ധൻ, ഡോ. റെഡ്ഡീസ് ലബോറട്ടറി, ഹൈദരാബാദ്), ഡോ. രാജൻ ഖോബ്രഗഡെ (പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്), ഡോ. രാജമാണിക്യം (മാനേജിംഗ് ഡയറക്ടർ കെഎസ്ഐഡിസി) എന്നിവർ മെമ്പർമാരായി വർക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കും.

പ്രമുഖ കമ്പനികളുമായി ചർച്ചകൾ ആരംഭിക്കുന്നതിനും പെട്ടെന്നുതന്നെ വാക്സിൻ ഉൽപ്പാദനം സാധ്യമാക്കുന്നതിനും വർക്കിംഗ് ഗ്രൂപ്പിനെ ചുമതലപ്പെടുത്തി.

സംസ്ഥാനത്ത് കൊവിഡ് വാക്സിൻ ഉത്പാദന യൂണിറ്റ് നിർമിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റിൽ അറിയിച്ചിരുന്നു. ഇതിനായി തുക വകയിരുത്തുകയും ചെയ്തിരുന്നു.