ലിസ്റ്റുകളുടെ കാലാവധിക്കുള്ളിൽ മുഴുവൻ ഒഴിവുകളിലും നിയമനം നടത്തുകയാണ് സർക്കാർ നയം: മുഖ്യമന്ത്രി

0
68

 

 

പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളിൽ ലഭ്യമാകുന്ന മുഴുവൻ ഒഴിവുകളിലും നിയമനം നടത്തുകയെന്നതാണ് സർക്കാരിൻറെ പ്രഖ്യാപിതനയമെന്നും ഇതിനാവശ്യമായ നടപടികൾ സർക്കാരും നിയമനാധികാരികളും പബ്ലിക് സർവ്വീസ് കമ്മീഷനും സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.

കോവിഡ് വ്യാപനത്തെ തുടർന്ന് യഥാസമയം മത്സര പരീക്ഷകൾ നടത്താൻ പിഎസ്സിക്ക് കഴിയാത്ത സാഹചര്യമുണ്ടായി. എന്നാൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലും നിയമന ശിപാർശ നൽകുന്നതിലും ഇത് ബാധിക്കുന്നില്ല.

മാത്രവുമല്ല, 05.02.2021നും 03.08.2021-നുമിടയിൽ കാലാവധി പൂർത്തിയാക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി 04.08.2021 വരെ ദീർഘിപ്പിച്ചിട്ടുമുണ്ടെന്നും പി സി വിഷ്‌ണുനാഥിന്റെ ശ്രദ്ധക്ഷണിക്കലിന്‌ മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ ഒഴിവുകളും കൃത്യതയോടെ യഥാസമയം റിപ്പോർട്ട് ചെയ്യുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൻറെ കൃത്യത പരിശോധിക്കുന്നതിനായി അഡ്മിനിസ്ട്രേറ്റീവ് വിജിലൻസ് വിവിധ ഓഫീസുകളിൽ പരിശോധന നടത്തുന്നുണ്ട്.

ഇതിനു പുറമേ, ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി ചീഫ് സെക്രട്ടറിയുടെ മേൽനോട്ട ചുമതലയിൽ ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവരുൾപ്പെട്ട സമിതി
13.02.2021ൽ രൂപീകരിച്ചിരുന്നു. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകും.

മുൻ സർക്കാരിൻറെ കാലത്ത് ആരോഗ്യം, പോലീസ് തുടങ്ങി വിവിധ വകുപ്പുകളിലായി ഇരുപതിനായിരത്തിലധികം പുതിയ തസ്തികകൾ സൃഷ്ടിക്കുകയുണ്ടായി. 25.05.2016 മുതൽ 19.05.2021 വരെ 4,223 റാങ്ക് ലിസ്റ്റുകളാണ് പിഎസ് സി പ്രസിദ്ധീകരിച്ചത്.

മുൻ യുഡിഎഫ് ഭരണകാലത്ത് 3418 റാങ്ക് ലിസ്റ്റുകൾ മാത്രമാണ് പ്രസിദ്ധപ്പെടുത്തിയത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻറെ കാലത്ത് 1,61,361 നിയമനശുപാർശ നൽകിയിട്ടുണ്ട്. മുൻ യുഡിഎഫ് സർക്കാർ 1,54,384 നിയമന ശുപാർശ നൽകിയെങ്കിലും അതിലുൾപ്പെട്ട 4,031 പേർക്ക് എൽഡിഎഫ് സർക്കാരാണ് നിയമനം നൽകിയത്.

സീനിയോറിറ്റി തർക്കം, പ്രൊമോഷന് യോഗ്യരായവരുടെ അഭാവം എന്നിവ മൂലം റഗുലർ പ്രൊമോഷനുകൾ തടസ്സപ്പെടുന്ന കേസുകൾ കണ്ടെത്തി ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിക്ക് റിപ്പോർട്ട് ചെയ്യാൻ വകുപ്പധ്യക്ഷന്മാർക്ക് നിർദ്ദേശം നൽകുകയുണ്ടായി. ഇത്തരത്തിൽ റഗുലർ പ്രൊമോഷനുകൾ നടത്താൻ തടസമുള്ള തസ്തികകളെ പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുള്ള കേഡറിലേയ്ക്ക് താൽക്കാലികമായി തരംതാഴ്ത്തി, അപ്രകാരമുണ്ടാകുന്ന ഒഴിവുകൾ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്.

നിയമനങ്ങൾ പരമാവധി പിഎസ് സി മുഖേന നടത്തണമെന്നതാണ് സർക്കാരിൻറെ നയം. നിയമനങ്ങൾ പിഎസ് സിക്ക് വിട്ടിട്ടും വിശേഷാൽ ചട്ടങ്ങളോ റിക്രൂട്ട്മെൻറ് ചട്ടങ്ങളോ രൂപീകരിക്കാത്ത പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നിവയിൽ ഇവ രൂപീകരിക്കുന്നതിന് വിവിധ വകുപ്പ് സെക്രട്ടറിമാരെ ഉൾപ്പെടുത്തി 20.10.2020-ൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്.

കോവിഡ് വ്യാപനം കാരണം മാറ്റിവച്ചിട്ടുള്ള പിഎസ്സി പരീക്ഷകളും ഇൻറർവ്യൂകളും കോവിഡ് വ്യാപനത്തിൻറെ തീവ്രത കുറഞ്ഞാലുടനെ പുനരാരംഭിക്കാൻ പി.എസ്.സി നടപടി സ്വീകരിക്കുന്നതാണ്.പി.എസ്.സി മുഖേനയുള്ള നിയമനനടപടികൾ ത്വരിതപ്പെടുത്തുന്നതിനുള്ള എല്ലാ നടപടികളും സർക്കാർ തുടർന്നും സ്വീകരിക്കും.മുഖ്യമന്ത്രിപറഞ്ഞു.

 

പിണറായിയെ തോണ്ടാൻ വന്നു പി ടി തോമസിനെ കണ്ടം വഴി പറപ്പിച്ച് മുഖ്യമന്ത്രി