അനിരുദ്ധ്.പി.കെ.
കേരളത്തിൽ എൻ ആർ സി, സി എ എ എന്നിവ നടപ്പാക്കുന്നതിന് മുന്നോടിയായി സർക്കാർ തടങ്കൽ പാളയങ്ങൾ നിർമിക്കുന്നു എന്നാണ് മാധ്യമം റിപ്പോർട്ടർ കെ.എസ്. ശ്രീജിത്ത് ബുധനാഴ്ച പുറത്തിറങ്ങിയ മാധ്യമം പത്രത്തിൽ റിപ്പോർട്ട് ചെയ്യുന്നത്. കേന്ദ്ര നിർദേശത്തെത്തുടർന്നാണ് തടങ്കൽ പാളയം നിർമ്മിക്കുന്നതെന്നും വാർത്തയിൽ പറയുന്നു. നേരറിയാൻ അന്വേഷണത്തിൽ വാർത്ത വ്യാജമാണെന്നും നടക്കുന്നത് കള്ളപ്രചാരണം ആണെന്ന് തെളിഞ്ഞു. തൃശൂരിൽ സർക്കാരിന്റെ കീഴിൽ ആരംഭിക്കുന്ന കരുതൽ പാളയം എന്ന പേരിൽ വർത്തയാക്കിയിരിക്കുന്നത് ജയില്മോചിതരാകുന്ന വിദേശ കുറ്റവാളികളെ പാർപ്പിക്കാനുള്ള സ്ഥലം ആണ്.
ശിക്ഷ കഴിഞ്ഞ വിദേശികളെ ജയിൽ വളപ്പിനുള്ളിൽ തന്നെ പാർപ്പിക്കുന്നതിനെതിരെ ഹൈക്കോടതി ഇടപെടൽ ഉണ്ടായതിനെത്തുടർന്നാണ് അവരെ പാർപ്പിക്കാൻ കരുതൽ വാസകേന്ദ്രം നിർമ്മിക്കുന്നത്. എന്നാൽ, കോടതിവിധി പ്രകാരമാണ് നിർമ്മാണ മെന്ന സുപ്രധാന വസ്തുത ജമാത്തെ ഇസ്ലാമിയുടെ മുഖപത്രം വാർത്തയിൽ നിന്ന് ബോധപൂർവ്വം മറച്ചുവെച്ചു. അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്നവർ, പാസ്സ്പോർട്ട്, വിസ എന്നിവയുടെ കാലാവധി കഴിഞ്ഞ ശേഷവും ഇവിടെ തുടരുന്ന വിദേശികൾ, ശിക്ഷാകാലാവധി കഴിഞ്ഞിട്ടും തിരിച്ചു പോകാൻ നടപടികൾ കാത്തിരിക്കുന്ന വിദേശികൾ എന്നിവരെ പാർപ്പിക്കാനുള്ള കേന്ദ്രമാണ് നിർമിക്കുന്നത്.
ഇവരെ ജയിലിൽ പാർപ്പിക്കരുതെന്നാണ് കോടതിവിധി. എന്നാൽ, ഇവരെ പുറത്തുവിടാനും പറ്റില്ല. അവരെ പാർപ്പിക്കാൻ ഒരു കേന്ദ്രം വേണം. അതാണ് നിർമ്മിക്കുന്നത്. മിക്ക രാജ്യങ്ങളിലും ഇത്തരം കേന്ദ്രങ്ങളുണ്ടാകും. സൗദി അറേബ്യയിൽ ഇത്തരം കേന്ദ്രങ്ങൾക്ക് തർഹീൽ എന്നാണ് പറയുന്നത്. അഥവാ deportation Centre.
പൗരത്വ ഭേദഗതി നിയമവും ഇതും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് സാമൂഹിക ക്ഷേമ വകുപ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച കൃത്യമായ റിപ്പോർട്ടുകൾ മറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. വസ്തുതകൾ മറച്ചു വെച്ച് സർക്കാരിനെ അപകീർത്തിപ്പെടുത്താനും കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണ് മാധ്യമം വാർത്ത നൽകിയതെന്നും വ്യക്തം.