ദോശ ഉണ്ടായതും ഉണ്ടാക്കിയതും എങ്ങനെ ?

0
145

പൗരാണിക കാലത്ത് ദക്ഷിണേന്ത്യ ധാന്യങ്ങളുടെ കൃഷിയിൽ മുൻപന്തിയിൽ നിന്നിരുന്ന പ്രദേശമാണ്. നെൽകൃഷിയിൽ നൂറുമേനി വിളവ് കൊയ്തിരുന്ന പ്രാചീന ഭാരത ദേശമായിരുന്നു തമിഴകം, അരിയുപയോഗിച്ചുള്ള ഭക്ഷണം തയ്യാറാക്കുന്നതിലെ അഗ്രഗണ്യരായിരിരുന്നു തമിഴകത്തെ ജനങ്ങൾ.

അരിയ്‌ക്കൊപ്പം ഉഴുന്നും ചേർത്തരച്ച് തമിഴകത്ത് തയ്യാറാക്കിയിരുന്നു ഒരു വിഭവം പതുക്കെ പ്രാചീന ഭാരതത്തിന്റെയും പിന്നീട് ലോകത്തിന്റെയും പല കോണുകളിലേക്കും സഞ്ചരിച്ച് പേരും പെരുമയും നേടി.

എണ്ണിയാലൊടുങ്ങാത്ത വൈവിധ്യങ്ങളോടെ ചരിത്രത്തിലൂടെയും കാലത്തിലൂടെയും സഞ്ചരിച്ച് ഇന്നും ദക്ഷിണേന്ത്യയുടെ പ്രിയപ്പെട്ട ഭക്ഷണമായി നില നിൽക്കുന്ന ആ വിഭവത്തിന്റെ പേര് ദോശ.

ദോശയുടെ ഉത്ഭവ സ്ഥലത്തെ ചൊല്ലി തർക്കം നിലനിൽക്കുന്നുണ്ടെങ്കിലും പ്രാചീന തമിഴകത്തിലാണ് ദോശ രൂപം കൊണ്ടത് എന്നതിൽ സംശയമില്ല.

എ.ഡി. ഒന്നാം നൂറ്റാണ്ടിലെഴുതപ്പെട്ട സംഘം കൃതികളിൽ പ്രാചീന തമിഴകത്തിൽ ദോശ തയ്യാറാക്കിയിരുന്നു എന്നതിന് തെളിവുകളുണ്ടെന്ന് ഭക്ഷണ ചരിത്രകാരൻ കെ.ടി.അച്ചായാ ചൂണ്ടികാണിക്കുന്നു.

മറ്റൊരു ചരിത്രകാരനായ പി.തങ്കപ്പൻ നായരുടെ അഭിപ്രായത്തിൽ ആധുനിക കർണാടകത്തിലെ ഉഡുപ്പി മേഖലയിലാണ് ദോശയുടെ ജനനം എന്നും വ്യക്തമാക്കുന്നുണ്ട്. കർണാടകം പ്രാചീന തമിഴകത്തിന്റെ ഭാഗമായിരുന്നു എന്നത് കൂടി പരിഗണിച്ചാൽ, ദോശയുടെ പിറന്നത് പ്രാചീന തമിഴകത്തിലാണ് എന്ന് നിസ്സംശയം പറയാം.

തമിഴ് നാട്ടിലെ ദോശയിൽ നിന്നും വ്യത്യസ്തമായി കാണാം കുറഞ്ഞ മൊരിഞ്ഞ ദോശയാണ് ഉഡുപ്പി ദോശ, 12 ആം നൂറ്റാണ്ടിൽ ചാലൂക്യ രാജാവായിരുന്ന സോമേശ്വര മൂന്നാമന്റെ നേതൃത്വത്തിൽ എഴുതപ്പെട്ട സംസ്‌കൃത സർവ്വവിജ്ഞാനകോശം മാനസോല്ലാസത്തിൽ ഈ രീതിയിലുള്ള ദോശ തയ്യാറാക്കുന്നതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്.

പതിനഞ്ചാം നൂറ്റാണ്ടിൽ തെലുങ്കുഭാഷയിൽ എഴുതപ്പെട്ട ശ്രീനാഥാ കവിയുടെ ഗീതികളിൽ ദോശയുടെ തെലുങ് രൂപമായ അടലു വിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ആ കാവ്യ ഗീതികൾക്ക് ശ്രീനാഥാ കവി ദൂസിയാല് എന്നാണ് പേരിട്ടത്.തെലുങ്കു നാട്ടിൽ അറ്റ്ലാ ഡഡ്‌ഢി എന്ന പേരിൽ ദോശ തീറ്റ മത്സരം തന്നെ നടത്തിയിരുന്നതായും ചരിത്രത്തിൽ കാണാം.

ദക്ഷിണേന്ത്യയിലെ പ്രഭാത ഭക്ഷണത്തിൽ പ്രധാനിയായി മാറിയ ദോശയിൽ നിന്നും എണ്ണിയാലൊടുങ്ങാത്ത വകഭേദങ്ങൾ ഉണ്ടായി. എന്തുകൊണ്ടും ദോശയുണ്ടാക്കാൻ കഴിയുമെന്ന് പിന്നീട് പാചക വിദഗ്ദർ തെളിയിച്ചു. മസാല ദോശ മുതൽ ചിക്കൻ ദോശ വരെ ഇന്ന് ലഭ്യമാണ്. ഗോതമ്പ് പൊടിയും, റവയും, ഒക്കെ ചേർത്ത് തയ്യാറാക്കുന്ന ദോശകളും ഉണ്ട്.

ഉത്തരേന്ത്യയിലേക്കുള്ള ദോശയുടെ യാത്ര സ്വാതന്ത്ര്യലബ്ധിക്ക് ശേഷമാണ് ശക്തമാകുന്നത്. ഡൽഹി കോനാട്ട് പ്ലസിൽ മദ്രാസ് ഹോട്ടൽ പ്രവർത്തനമാരംഭിച്ചതോടെയാണ് ഉത്തരേന്ത്യയിലും തലസ്ഥാനത്തും ദോശ പ്രചാരം നേടുന്നത്.

ഇന്ത്യൻ ഭൂഖണ്ഡത്തിന് പുറത്തേക്കും ദോശ എത്തി ഇംഗ്ലണ്ടിലും, അമേരിക്കയിലും, യൂറോപ്പിലും, തായ്‌ലാന്റിലും ഒക്കെ ദോശ വ്യത്യസ്ത രൂപത്തിലും ഭാവത്തിലും ലഭ്യമാണ്.എന്തായാലും ദോശ ഉണ്ടാക്കിയതും ദോശ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട പല കഥകളും എയറിൽ ഉണ്ട് അതുകൊണ്ടു തന്നെ കൂടുതൽ അന്വേഷിപ്പിൻ കൂടുതൽ കണ്ടെത്തുവിൻ.