പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി നിയമനവുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുമ്പോഴാണ് പ്രസ്താവനയുമായി വി.ഡി.സതീശൻ രംഗത്ത് വന്നത്. പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കപ്പെട്ട ഫോഡ് സേഫ്റ്റി ജോയിന്റ് കമ്മിഷണർ കെ.അനിൽകുമാർ, മാർക്സിസ്റ്റുകാരൻ ആണ് എന്നാണ് പ്രചാരണം. കോൺഗ്രസ് സൈബർ ഇടങ്ങളിലും വാട്സാപ്പ് ഗ്രൂപ്പുകളിലുമാണ് വ്യാപകമായി ഈ പ്രചാരണം നടക്കുന്നത്. അതേസമയം കെ.അനിൽകുമാർ ലോ കോളേജിലെ തന്റെ കെ എസ് യു സഹപ്രവർത്തകൻ ആണെന്നും താൻ ഈ സ്ഥാനത്ത് എത്തിയതിൽ അസ്വസ്ഥതയുള്ള ചിലരാണ് കുപ്രചരണം അഴിച്ചു വിടുന്നതെന്നും സതീശൻ വ്യക്തമാക്കി. വി.ഡി.സതീശനെ പ്രതിപക്ഷ നേതാവാക്കുന്നതിൽ രമേശ് ചെന്നിത്തലയും തിരുവഞ്ചൂർ രാധാകൃഷ്ണനുമുൾപ്പടെ പ്രമുഖ നേതാക്കൾക്ക് വിയോജിപ്പുണ്ടായിരുന്നു. പ്രതിപക്ഷ നേതൃത്വ സ്ഥാനത്തേക്ക് നടന്ന തമ്മിത്തല്ലിൽ വി.ഡി സതീശനാണ് നറുക്ക് വീണത്. ഇതോടെ ശക്തമായ ഗ്രൂപ്പ് പ്രശനങ്ങളിലേക്ക് കോൺഗ്രസ്സ് മാറുകയും ചെയ്തു. കെ.സുധാകരൻ കൂടി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നതോടെ കടലാസ്സ് നേതാവായി രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും, കെ.സി വേണുഗോപാലും ഉൾപ്പടെയുള്ള നേതാക്കൾ മാറുമെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് വി.ഡി.സതീശന്റെ ഫേസ്ബുക് പോസ്റ്റിലൂടെയുള്ള ഒളിയമ്പും ചർച്ചയാകുന്നത്.