കോവിഷീൽഡ് വാക്‌സിൻ ഒക്‌സ്ഫഡ് ആസ്ട്രസെനക്ക വാക്‌സിനു തുല്യം : സൗദി അധികൃതർ

0
75

 

കോവിഷീൽഡ് വാക്‌സിൻ സ്വീകരിച്ച പ്രവാസി ഇന്ത്യക്കാരുടെ ആശങ്കക്ക് അറുതി. ഇന്ത്യയിലെ കോവിഷീൽഡ് വാക്‌സിൻ സൗദി അംഗീകരിച്ച ഒക്‌സ്ഫഡ് ആസ്ട്രസെനക്ക വാക്‌സിനു തുല്യമാണെന്ന് സൗദി അധികൃതർ അറിയിച്ചതായി ഇന്ത്യൻ എംബസി ട്വിറ്ററിൽ വ്യക്തമാക്കി.

ഇന്ത്യയിൽ കോവിഷീൽഡ് എന്ന പ്രാദേശിക നാമത്തിൽ ഉൽപ്പാദിപ്പിക്കുന്ന വൈറൽ വെക്ടർ വാക്‌സിനാണ് ആസ്ട്ര സെനക്ക. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിൻ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് അസ്ട്രസെനെക്ക വാക്‌സിൻ ഇന്ത്യയിൽ പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്നത്.

ഇന്ത്യയിൽ ആദ്യഘട്ടത്തിൽ കുത്തിവെപ്പിന് പൂർണമായും ഉപയോഗിച്ചത് കോവിഷീൽഡ് ആയിരുന്നു. പിന്നീട് കോവാക്‌സിനും എത്തി. നാട്ടിലുള്ള പ്രവാസികൾ അധികവും സ്വീകരിച്ചത് കോവിഷീൽഡാണ്. എന്നാൽ, കോവിഷീൽഡ് സൗദിയിൽ അംഗീകാരമുള്ള നാലു വാക്‌സിനുകളിൽ ഉൾപ്പെട്ടിരുന്നില്ല. സൗദിയിൽ ആസ്ട്രസെനക്ക്ക്ക് അംഗീകാരമുമണ്ട്. ഫൈസർ, മൊഡേണ, ജോൺസൺ ആന്റ് ജോൺസൺ എന്നിവയാണ് അംഗീകാരമുള്ള മറ്റ് വാക്‌സിനുകൾ.

കരമാർഗം സൗദിയിൽ പ്രവേശിക്കാൻ ഈ വാക്‌സിനുകളിൽ ഏതെങ്കിലും രണ്ട് ഡോസ് സ്വീകരിച്ചിരിക്കണം. സൗദി കോസ്‌വേയിൽ അംഗീകൃത വാക്‌സിൻ എടുക്കാത്തവർക്ക് പ്രവേശനമില്ല.

കേരളത്തിൽ നിന്ന് വിദേശത്തേക്ക് പോകുന്ന പ്രവാസികൾക്ക് വാക്‌സിൻ മുൻഗണനാ അടിസ്ഥാനത്തിൽ നൽകി തുടങ്ങിയിട്ടുണ്ട്. കോവിഷീൽഡാണ് കൂടുതൽ പേരും സ്വീകരിച്ചത്. സൗദി തീരുമാനം ഇവർക്ക് വലിയ ആശ്വാസം നൽകിയിരിക്കയാണ്. കോവാക്‌സിൻ അംഗീകാരം സംബന്ധിച്ചും സൗദി സർക്കാരുമായി ചർച്ച നടത്തുന്നതായി എംബസി വ്യക്തമാക്കി