കോവിഡിനു മുന്നിൽ തോറ്റ്‌ കേന്ദ്ര സർക്കാർ

0
69

ദേശാഭിമാനി മുഖപ്രസംഗം

നൊബേൽ സമ്മാനജേതാവും പ്രമുഖ സാമ്പത്തിക ശാസ്‌ത്രജ്ഞനുമായ അമർത്യ സെൻ ഒരഭിപ്രായ പ്രകടനം നടത്തുമ്പോൾ അത്‌ ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല.

ഇന്ത്യക്കാരൻ കൂടിയായതിനാൽ രാജ്യത്തെ സാമൂഹ്യ, രാഷ്ട്രീയ സംഭവങ്ങളെക്കുറിച്ച്‌ അദ്ദേഹം നടത്തുന്ന വിശകലനങ്ങൾ വിഷയങ്ങളെ ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്നതാണ്‌. അതുകൊണ്ടുതന്നെ കോവിഡ്‌ മഹാമാരിയെ നേരിടുന്നതിൽ മോഡി സർക്കാരിന്റെ പരാജയത്തെക്കുറിച്ച്‌ അദ്ദേഹം നടത്തിയ അഭിപ്രായപ്രകടനം സ്വാഭാവികമായും വ്യാപകമായ ചർച്ചയ്‌ക്ക്‌ വഴിമരുന്നിടുന്നതാണ്‌.

കോവിഡ്‌ വ്യാപനം ചെറുക്കുന്നതിൽ ഇന്ത്യ പരാജയപ്പെടാൻ കാരണം മോഡി സർക്കാരിന്റെ മനോരോഗമാണെന്ന ശക്തമായ വിമർശമാണ്‌ അമർത്യ സെൻ ഉന്നയിച്ചത്‌. ആശയക്കുഴപ്പത്തിൽ അകപ്പെട്ട മോഡി സർക്കാർ രോഗവ്യാപനം ചെറുക്കാനല്ല ചെയ്‌തതിന്റെയെല്ലാം പേരിൽ മേനി നടിക്കാനാണ്‌ തുനിഞ്ഞതെന്നും അമർത്യ സെൻ കുറ്റപ്പെടുത്തി.

കോവിഡിനോടുള്ള ഇന്ത്യൻ സർക്കാരിന്റെ നടപടികൾ സൂക്ഷ്‌മമായി നിരീക്ഷിക്കുന്ന ആർക്കും ഉണ്ടാകാനിടയുള്ള അഭിപ്രായപ്രകടനം തന്നെയാണ്‌ അമർത്യ സെന്നും പ്രകടിപ്പിച്ചിട്ടുള്ളത്‌. അദ്ദേഹംതന്നെ അഭിപ്രായപ്പെട്ടിട്ടുള്ളതുപോലെ മഹാമാരിയെ തടയാനുള്ള എല്ലാ വിഭവങ്ങളുമുള്ള രാജ്യമാണ്‌ ഇന്ത്യ. മെച്ചപ്പെട്ട മരുന്നുനിർമാണം, സന്നദ്ധസേവന സന്നദ്ധതയുള്ള ലക്ഷക്കണക്കിന്‌ ആരോഗ്യപ്രവർത്തകർ എന്നിവയെല്ലാം രാജ്യത്തുണ്ടായിട്ടും രണ്ടാംതരംഗം പിടിച്ചുലച്ചു.

ഈ വിഭവങ്ങളെല്ലാം മികച്ച ആസൂത്രണ വൈദഗ്‌ധ്യത്തോടെ ഉപയോഗിച്ച്‌ മഹാമാരി പടരുന്നത്‌ തടയാനുള്ള സന്നദ്ധതയാണ്‌ സർക്കാർ പ്രകടിപ്പിക്കേണ്ടിയിരുന്നത്‌. എന്നാൽ, ചെയ്‌ത ചെറിയ കാര്യങ്ങൾ പോലും പെരുപ്പിച്ചുകാട്ടി ലോകശ്രദ്ധ നേടാനായിരുന്നു മോഡിക്കും കേന്ദ്ര സർക്കാരിനും ഉത്സാഹം.

രാജ്യത്തെ ജനങ്ങളെയാകെ മഹാമാരിക്ക്‌ വിട്ടുകൊടുത്ത്‌ ‘ഇന്ത്യ ലോകത്തിന്‌ രക്ഷകനായിരിക്കുന്നുവെന്ന പ്രതിച്ഛായാ നിർമാണത്തിനാണ്‌ മോഡി തുനിഞ്ഞത്‌. ഒന്നാംതരംഗ വേളയിൽ വീണ്ടുവിചാരമില്ലാതെ ആരംഭിച്ച ലോക്‌ഡൗൺ മുതൽ ഇപ്പോൾ പാളിപ്പോയ വാക്‌സിൻ നയംവരെ വരച്ചുകാട്ടുന്നത്‌ കേന്ദ്ര സർക്കാരിന്റെ പിടിപ്പുകേടാണ്‌.

മഹാഭാരതയുദ്ധം പാണ്ഡവന്മാർ ജയിച്ചത്‌ 18 ദിവസം കൊണ്ടാണെങ്കിൽ 21 ദിവസംകൊണ്ട്‌ മഹാമാരിയെ കീഴടക്കുമെന്നാണ്‌ മോഡി പറഞ്ഞിരുന്നത്‌. 16 മാസം പിന്നിട്ടിട്ടും രാജ്യം മഹാമാരിയുടെ പിടിയിൽത്തന്നെയാണ്‌. മൂന്നാംതരംഗം തൊട്ടപ്പുറത്ത്‌ വന്നുനിൽപ്പുമാണ്‌. ഒന്നാം തരംഗത്തിന്റെ അനുഭവത്തിൽനിന്നും പാഠംപഠിച്ച്‌ കൂടുതൽ ആരോഗ്യസംവിധാനങ്ങൾ ഒരുക്കിയിരുന്നെങ്കിൽ ആശുപത്രിയിൽ കിടക്ക ലഭിക്കാതെ ക്യൂ നിന്ന്‌ നൂറുകണക്കിന്‌ ആളുകൾ മരിക്കുന്നത്‌ ഒഴിവാക്കാമായിരുന്നു.

ഓക്‌സിജൻ ലഭിക്കാതെയുള്ള മരണങ്ങളുടെ എണ്ണവും കുറയ്‌ക്കാമായിരുന്നു. എന്നാൽ, അഞ്ച്‌ സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയം ഉറപ്പിക്കാനുള്ള തിടുക്കത്തിലായിരുന്നു പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും. പശ്ചിമബംഗാളിൽ മാത്രം 20 പൊതുയോഗത്തിലാണ്‌ പ്രധാനമന്ത്രി സംസാരിച്ചത്‌. അമിത്‌ ഷാ അതിന്റെ ഇരട്ടി പൊതുയോഗങ്ങളിലും. മഹാമാരിക്കെതിരെയുള്ള പ്രതിരോധപ്രവർത്തനം പൂർണമായും ബ്യൂറോക്രാറ്റുകൾക്ക്‌ വിട്ടുകൊടുത്തു.

രണ്ടാംതരംഗത്തെ നേരിടുന്നതിൽ രാജ്യം പരാജയപ്പെട്ടതിന്റെ പ്രധാന കാരണമായി പലരും ചൂണ്ടിക്കാട്ടുന്നതും ഇതുതന്നെയാണ്‌. മഹാമാരിക്കുമേലുള്ള വിജയത്തേക്കാൾ തെരഞ്ഞെടുപ്പുവിജയത്തിന്‌ മുൻഗണന നൽകിയ മോഡി സർക്കാരിന്റെ സമീപനമാണ്‌ ദുരന്തത്തിന്റെ ആഴം വർധിപ്പിച്ചത്‌.

മനുഷ്യർ ഈയാംപാറ്റകളെപ്പോലെ മരിച്ചുവീണാലും തരക്കേടില്ല ബിജെപി വിജയിച്ചാൽ മതിയെന്ന മനുഷ്യത്വരഹിതമായ ആശയപദ്ധതിയെ മുറുകെ പിടിച്ചതിനാലാണ്‌ രണ്ടാംതരംഗം ഭീതിദമായത്‌.

ഗംഗയിലൂടെ മൃതദേഹങ്ങൾ ഒഴുകിനടന്നു. അപ്പോഴും ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി ആവർത്തിച്ചുറപ്പിക്കാൻ ശ്രമിച്ചത്‌ ‘കോവിഡ്‌ സുരക്ഷിതമേഖല’യാണ്‌ ഉത്തർപ്രദേശ്‌ എന്നാണ്‌! കോവിഡ്‌ പരിശോധനയ്‌ക്ക്‌ വിധേയമാകാതെ, പനിയും ശ്വാസതടസ്സവും കാരണം ഉത്തർപ്രദേശിലെ ഗ്രാമങ്ങളിൽ നൂറുകണക്കിനാളുകൾ മരിച്ചുവീഴുന്ന കാര്യം മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നപ്പോൾ ആ റിപ്പോർട്ടർമാരെ ആദിത്യനാഥ്‌ വിശേഷിപ്പിച്ചത്‌ ‘കഴുകന്മാർ’എന്നാണ്‌.

രണ്ടാംതരംഗ വേളയിൽ ഒരിടത്തും പ്രത്യക്ഷപ്പെടാതിരുന്ന അമിത്‌ ഷാ രോഗം കുറയാൻ തുടങ്ങിയ കഴിഞ്ഞാഴ്‌ചയാണ്‌ മാധ്യമങ്ങൾക്കു മുമ്പിൽ പ്രത്യക്ഷപ്പെട്ടത്‌. ‘വളരെ കുറച്ചു സമയം കൊണ്ടുതന്നെ രണ്ടാംതരംഗത്തെയും നിയന്ത്രണത്തിലാക്കാനായി’ എന്ന്‌ പ്രസ്‌താവിക്കാൻ അമിത്‌ ഷാ മറന്നില്ല.

(‘കൊറോണ മഹാമാരിയെ ഫലപ്രദമായി തടഞ്ഞ്‌ മനുഷ്യസമൂഹത്തെ രക്ഷിച്ചെന്ന്‌’ ജനുവരി 28ന്‌ ഡാവേസിലെ ലോക സാമ്പത്തിക ഫോറം വേദിയിൽ വിളംബരംചെയ്‌തത്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡിയായിരുന്നു). വാക്‌സിനേഷൻ അതിവേഗത്തിലാക്കി ലോകത്തിന്‌ മാതൃക കാട്ടിയെന്നും അമിത്‌ ഷാ തട്ടിവിട്ടു.

100ൽ 15 പേർക്ക്‌ മാത്രമാണ്‌ ആദ്യ വാക്‌സിനേഷൻ ഇന്ത്യ നൽകിയിട്ടുള്ളത്‌. അമേരിക്കയിൽ ഇത്‌ 88ഉം ഇംഗ്ലണ്ടിൽ ഇത്‌ 98ഉം ആണ്‌. അമർത്യ സെൻ പറയുന്ന മനോരോഗത്തോളമെത്തുന്ന യുക്തിയില്ലായ്‌മയാണ്‌ ബിജെപി നേതാക്കളുടെ മുഖമുദ്ര. അമർത്യ സെൻ അത്‌ ലോകത്തോട്‌ വിളിച്ചുപറഞ്ഞിരിക്കുന്നു. അതിന്‌ അദ്ദേഹത്തോട്‌ നന്ദിപറയാം.