Wednesday
17 December 2025
30.8 C
Kerala
HomeKeralaരണ്ടാം പിണറായി‌ സർക്കാരിന്റെ ആദ്യ ബജറ്റ് നാളെ

രണ്ടാം പിണറായി‌ സർക്കാരിന്റെ ആദ്യ ബജറ്റ് നാളെ

രണ്ടാം പിണറായി‌ സർക്കാരിന്റെ ആദ്യ ബജറ്റ് വെള്ളിയാഴ്‌ച രാവിലെ ഒമ്പതിന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. സർക്കാരിന്റെ തുടർച്ചയായതിനാൽ ജനുവരിയിൽ അവതരിപ്പിച്ച ബജറ്റ്‌ പുതുക്കിയാകും അവതരിപ്പിക്കുക. നയം തുടർച്ചയായതിനാൽ, മുൻ സർക്കാർ അവതരിപ്പിച്ച ബജറ്റിൽ വലിയ മാറ്റത്തിന്റെ ആവശ്യമില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

എൽഡിഎഫ്‌ പ്രകടന പത്രികയിലെ കാഴ്‌ചപ്പാട്‌ ഉയർത്തിപ്പിടിക്കുന്നതാകും ബജറ്റിലെ മാറ്റം. 900 വാഗ്‌ദാനം എൽഡിഎഫ്‌ മുന്നോട്ടുവച്ചിട്ടുണ്ട്‌. ഇവ അഞ്ചുവർഷമായി നടപ്പിലാക്കും. ഈ വർഷത്തെ പദ്ധതിയിൽ പരിഗണിക്കേണ്ടവ സംബന്ധിച്ച ആലോചനയും ബജറ്റിലുണ്ടാകാം.

ആദ്യ ബജറ്റിലെ മുൻഗണനയിലും അടങ്കലിലും കോവിഡിന്റെ രണ്ടാംവരവിന്റെ സാഹചര്യത്തിൽ കാലികമായ മാറ്റമുണ്ടാകാം. കോവിഡിൽ നിശ്ചലമായ സമ്പദ്ഘടനയുടെ വീണ്ടെടുപ്പിന്റെ പാതയിലായിരുന്നു കഴിഞ്ഞ സർക്കാരിന്റെ അവസാന ബജറ്റ്‌. ഇത്തവണ കോവിഡ്‌ രണ്ടാംതരംഗത്തിൽ നാട്‌ വീണ്ടും അടച്ചുപൂട്ടലിലാണ്‌. പുതിയ വെല്ലുവിളി നേരിടാൻ ആരോഗ്യ മേഖലയ്‌ക്കുള്ള ഊന്നൽ വർധിക്കാം. കോവിഡിന്റെ മൂന്നാം തരംഗം ഒക്ടോബറിലുണ്ടാകാം. ഈ സാഹചര്യത്തിൽ അടങ്കലിൽ ഗണ്യമായ വർധന ആവശ്യമാകും. ജീവനോപാധി നിലച്ചവർക്കായി ക്ഷേമാനുകൂല്യങ്ങളും സഹായങ്ങളും തുടരേണ്ടതുണ്ട്‌. സമ്പദ്‌ഘടനയുടെ ഉത്തേജനത്തിനുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നു. വിപണിയെ ചലിപ്പിക്കാൻ ജനങ്ങളുടെ കൈയിൽ പണം എത്തിക്കേണ്ടതുണ്ടെന്ന്‌ ധനമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്‌.

.

 

RELATED ARTICLES

Most Popular

Recent Comments