സി കെ ജാനുവിനെയും പാർട്ടിയെയും എൻഡിഎ മുന്നണിയിൽ എത്തിക്കാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നേരിട്ടെത്തിയാണ് പത്ത് ലക്ഷം രൂപ കൈമാറിയതെന്ന് ജെആർപി ട്രഷറർ പ്രസീത അഴീക്കോട്. തിരുവനന്തപുരത്ത് ജാനു താമസിച്ച ഹോട്ടലിലാണ് പണം കൈമാറിയതെന്നും പ്രസീത പറഞ്ഞു.
സി കെ ജാനുവിന് വേണ്ടിത്തന്നെയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനിൽ നിന്ന് പണം ആവശ്യപ്പെട്ടത്. സി കെ ജാനു ആദ്യം 10 കോടിയാണ് ആവശ്യപ്പെട്ടത്. പിന്നീട് താൽക്കാലിക ആവശ്യങ്ങൾക്കായി 10 ലക്ഷം രൂപയെങ്കിലും വേണമെന്ന് പറഞ്ഞു. കെ സുരേന്ദ്രൻ ഹോട്ടലിൽ നേരിട്ടെത്തി പണം കൈമാറുകയായിരുന്നു.
സി കെ ജാനുവിന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്കാണ് പത്ത് ലക്ഷം രൂപ ചോദിച്ചത്. സി കെ ജാനുവിനെ കൂടി കൂടെ നിർത്തണമെന്ന കെ സുരേന്ദ്രന്റെ അഭിപ്രായം പാർട്ടി പരിഗണിച്ചു. ജാനു നേരിട്ട് 10 കോടി കെ സുരേന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് തങ്ങൾക്ക് അറിവില്ലായിരുന്നു. അന്നത്തെ ചർച്ച പൂർണമാവാതെ പിരിഞ്ഞു.
പിന്നീട് താൽക്കാലിക ആവശ്യങ്ങൾക്കായി 10 ലക്ഷം ആവശ്യപ്പെട്ടു. പാർട്ടിക്കായി അഞ്ച് നിയമസഭാ സീറ്റും ആവശ്യപ്പെട്ടു. സി കെ ജാനുവിന് നിരവധി സംഘടനകളുമായി കൂട്ടുകച്ചവടമുണ്ട്. അതിനുവേണ്ടിയായിരുന്നു തുക ആവശ്യപ്പെട്ടതെന്നാണ് മനസിലാക്കുന്നത്.
അതേസമയം ആരോപണങ്ങൾ സി കെ ജാനു നിഷേധിച്ചു. തനിക്ക് ഇടനിലക്കാരുടെ ആവശ്യമില്ലെന്നും പാർട്ടിയുടെ പ്രവർത്തനത്തിനായി ധനസഹായം ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ പത്ത് കോടി ആവശ്യപ്പെട്ടിട്ടില്ലെന്നും ജാനു പ്രതികരിച്ചു.