ഒളിമ്പിക്സ് പ്രതീക്ഷ നിലനിർത്തി കായിക താരങ്ങളുടെ ആദ്യ സംഘം ജപ്പാനിൽ എത്തി.ഓസ്‌ട്രേലിയയിൽ നിന്നുള്ള സോഫ്‌റ്റ് ബോൾ വനിതാ ടീമാണ് മത്സരത്തിനായി ജപ്പാനിലെത്തിയത്.
ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് ടീം എത്തിയിരിക്കുന്നത്.
ടീം അംഗങ്ങളെ കൂടാതെ 10 സപ്പോർട്ടിങ് സ്റ്റാഫ് മാത്രമാണ് സംഘത്തിൽ ഉള്ളത്. കുടുംബാംഗങ്ങൾക്ക് ഉൾപ്പെടെ സംഘാടകർ പ്രവേശനം അനുവദിച്ചിട്ടില്ല. ഒളിമ്പിക്‌സിൻറെ ഔദ്യോഗിക ഉദ്‌ഘാടനത്തിന് രണ്ട് ദിവസം മുമ്പാണ് ഓസിസ് ടീമിൻറെ ആദ്യ മത്സരം.
ഗെയിംസിന് മുമ്പ് പ്രാദേശിക ടീമുകളുമായി സൗഹൃദ മത്സരം കളിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ജപ്പാനിൽ എത്തിയ ഓസിസ് സംഘം. ഇത്തവണ എന്ത് വിലകൊടുത്തും ഒളിമ്പിക്‌സിൻറെ ഭാഗമാവുകയെന്ന ലക്ഷ്യത്തോടെയാണ് സംഘം എത്തിയിരിക്കുന്നത്.
സിഡ്‌നിയിൽ നിന്നും ജപ്പാനിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പും ജപ്പാനിൽ എത്തിയ ശേഷവും കൊവിഡ് പരിശോധനക്ക് സംഘം വിധേയരായിരുന്നു.