എൻഡിഎയില്‍ ചേരാന്‍ ജാനുവിന് കെ സുരേന്ദ്രന്‍ 10 ലക്ഷംരൂപ നല്‍കി; ബിജെപിയുടെ കുഴല്‍പ്പണ ഇടപാട് തുറന്നുകാട്ടി ശബ്ദരേഖ പുറത്ത്

0
115

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പേരില്‍ ബിജെപി സംസ്ഥാനത്തുടനീളം ഒഴുക്കിയ കോടികളുടെ കഥകള്‍ ഓരോന്നായി പുറത്തുവരുന്നു. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാന്‍ സി കെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 10 ലക്ഷം രൂപ വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖ പുറത്തുവന്നു.

കൊടകര കുഴല്‍പ്പണ ഇടപാടില്‍ അന്വേഷണം സുരേന്ദ്രനിലേക്ക് എത്തിനില്‍ക്കുന്ന ഘട്ടത്തിലാണ് പുതിയ വിവാദം. ജെആര്‍പി സംസ്ഥാന ട്രെഷറര്‍ പ്രസീത അഴീക്കോടും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണമാണ് പുറത്തു വന്നത്.

ശബ്ദ സന്ദേശത്തില്‍ ആറാം തിയ്യതി മുഴുവന്‍ പണവും നല്‍കാമെന്നും തിരുവനന്തപുരത്ത് എത്താനുമാണ് സുരേന്ദ്രന്‍ ആവശ്യപ്പെടുന്നത്. തങ്ങള്‍ തിരുവനന്തപുരത്ത് ഉണ്ടാവുമെന്നും സുരേന്ദ്രന്‍ പറയുന്നു.


ഫോൺ സംഭാഷണത്തിന്റെ പൂർണരൂപം –

സുരേന്ദ്രൻ: ഹലോ

പ്രസീത: ഹലോ

സുരേന്ദ്രൻ: ആ

പ്രസീത: ആ.. സാർ നമ്മള്, പിന്നെ, ആ ഞാൻ ഇന്നലെ ഒരു കാര്യം പറഞ്ഞാരുന്നില്ലേ സാറിനോട്.

സുരേന്ദ്രൻ: ആ

പ്രസീത: ആ. അപ്പോ മുമ്പേ ഞാൻ ആ കാര്യമാണ് പറഞ്ഞത്. ഇപ്പോ.. ഉം ചേച്ചി ഇന്നലെ പത്ത് കോടി എന്നൊക്കെ പറഞ്ഞത് അത് നമ്മക്കും ഉൾക്കൊള്ളാൻ പറ്റാത്തെയാണ്, സാറിന് ഉൾക്കൊള്ളാൻ പറ്റാത്തെയാണെന്നും നമുക്കറിയാ.

സുരേന്ദ്രൻ: ഉം.. അല്ല, ഇപ്പോ അതല്ല, എന്താ അവര് പറയുന്നത്

പ്രസീത: നെലവില്, ഇപ്പോ, ഞാൻ കാര്യം തുറന്നു പറയാം സാറിനോട്. നമ്മൾ അവിടുന്ന് ഇങ്ങോട്ടേക്ക് വരുന്ന വഴിയിൽ നമ്മൾ ഇതിനെക്കുറിച്ച് ചർച്ച ചെയ്തു. കാരണം, സാർ പറഞ്ഞത് നമ്മക്ക് ഉൾക്കൊള്ളാൻ പറ്റിട്ടുണ്ട്. അവരിക്ക് അത് ആ… ആദ്യം ഉൾക്കൊള്ളാൻ പറ്റിയില്ല. പിന്നെ അവര് ഒരു പിടിവാശിയൊക്കെ പിടിച്ചു. പിന്നെ അവര് ലാസ്റ്റ് ടൈം ഒരു കാര്യം പറഞ്ഞു. അവര് മുമ്പ് ഈ സിപിഎമ്മിന്റെ ഇത് ഉണ്ടായിരുന്ന സമയത്ത്, അതായത് നമ്മൾ ആ ഒരു സഹകരണ സമയത്ത് അവര് ആരോടൊക്കെയോ കുറച്ച് കാശൊക്കെ വാങ്ങിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. അപ്പൊ ആ കാശ് കൊടുക്കാതെ എനിക്ക് എൽഡി … എൻഡിഎയുടെ ഭാഗമായിട്ട് വന്നാൽ അവര് പ്രശ്നങ്ങളും മറ്റും ഉണ്ടാക്കും. അപ്പൊ എനിക്കിപ്പോ ഒരു പത്തു ലക്ഷം രൂപ എനിക്ക് വേണം എന്നാണ് അവര് പറയുന്നത്. ഉം. ഇതിൽ നമുക്ക് ഒരു റോളുമില്ല (ചിരിച്ചുകൊണ്ട് പറയുന്നു). അപ്പൊ അത് അവരിക്ക് കൊടുക്കുകയാണെങ്കിൽ ഈ ഏഴാം തീയതിത്തെ എ പിന്നെ അമിത്ഷായുടെ മീറ്റിങ്, തുടങ്ങി ആ പരിപാടി തുടങ്ങി അവര് സജീവമായിട്ട് രംഗത്തുണ്ടാകും. പിന്നെ ബത്തേരി സീറ്റ്. പിന്നെ ബാക്കി പറഞ്ഞ കാര്യങ്ങൾ. ബത്തേരി അവരിക്ക് മത്സരിക്കേണ്ട ഒരു സീറ്റും. വേറെ നമുക്ക് വേറെ സീറ്റൊന്നും വേണ്ട. ഉം. പിന്നെ എന്താന്ന് ആ ഇത് പറഞ്ഞില്ലേ, പോസ്റ്റ് പറഞ്ഞത് എലെക്ഷൻ കഴിഞ്ഞിട്ട്. അതൊക്കെ നമ്മൾ പറഞ്ഞ് റെഡിയാക്കി അവരോട്. അതൊക്കെ അങ്ങനെ പറ്റുലൂ. അവരൊന്നും, നമ്മള് ഒരു മൂന്ന് മണിക്ക് ശേഷാന്ന് അവിടിന്നു ഇങ്ങോട്ട് വിട്ടത്. കാരണം പറഞ്ഞ് മനസിലാക്കിട്ട്. അപ്പൊ ഈ ക്യാഷിന്റെ കാര്യം എങ്ങനെയാണ് സാറിന് ഡീൽ ചെയ്യാൻ പറ്റുന്നെ എന്നുവെച്ച ചെയ്തോ. അവർക്ക് ഡയറക്ട് കൊടുക്കാൻ പറ്റുമെങ്കിൽ അത്രയും നല്ലത്. അല്ലെങ്കിൽ പിന്നെ എന്താണോ ചെയ്യാൻ പറ്റുന്നെ ചെയ്യാ. പിന്നെ നമ്മടെ ഒരു കാര്യം കൂടി തുറന്നു പറയാ. നമ്മളിപ്പോ കുറെ ദിവസായി ഇതിന്റെ ബയ്യെ എങ്ങനെ ഓടി നടക്കുകയാ. ഒരു അഞ്ചു പൈസ കയ്യിലില്ല (ചിരിച്ചുകൊണ്ട് പറയുന്നു). അപ്പൊ ആ ഒരു സ്റ്റാർട്ടിംഗിന്റെ നമ്മളെ ഒരു പ്രശ്നങ്ങൾ ഇണ്ട്. ഇപ്പോ ഉള്ള ഇതില്. അപ്പൊ നമുക്കെന്തങ്കിലും ഒര്

സുരേന്ദ്രൻ: ശരി, ശരി… അത് പറഞ്ഞൊ, അത് പറഞ്ഞോ, സമയം കളയല്ല. എന്തായാലും പറഞ്ഞൊ, പറഞ്ഞൊ, പറഞ്ഞൊ.

പ്രസീത: ആ, ആ.. അപ്പൊ നമുക്കെന്തെങ്കിലും കൂടി ഒര് കൊറച്ച് പൈസ കൂടി നമുക്ക് തരണം. കാരണം, നമ്മടെ പാർട്ടിന്റെ വർക്കിനാണെ, അല്ലാതെ പഴ്സണലി അല്ല പറയുന്നത് (ചിരിച്ചുകൊണ്ട് പറയുന്നു).

സുരേന്ദ്രൻ: മനസിലായി, അല്ല, മനസിലായി.

പ്രസീത: അപ്പൊ അതൊരു സാറിന് തോന്നുന്നത് ഇതില്…

സുരേന്ദ്രൻ: അപ്പൊ.. എങ്ങനെ എവിടെ വെച്ച്, ഏ…

പ്രസീത: അത് എന്താണ് സേർജി പറഞ്ഞോ. നമ്മള് എവിടെയാണ് വരേണ്ടത്.

സുരേന്ദ്രൻ: അല്ല, ഏഴാം തീയതി വരുമ്പോ നേരിട്ട് കയ്യിൽ കൊടുക്കണം എന്നാണെങ്കിൽ കയ്യിൽ കൊടുക്കാം. അല്ലെങ്കിൽ അല്ലെങ്കില് നമ്മള്…

പ്രസീത: അതിലും മുന്നേ കൊടുക്കുവാണെങ്കിൽ അതാണ് നല്ലത് എന്നാണ് അവര് പറഞ്ഞത്. ഏഴാം തീയതി.. ആറാം

സുരേന്ദ്രൻ: അവര് ആറാം തീയതി വന്നോട്ടെന്നെ. ആറാം തീയതി ഞാൻ നേരിട്ട് കയ്യിൽ കൊടുക്ക. നിങ്ങളും വന്നോ. അപ്പൊ പിന്നെ ഏഴാം തീയതി കഴിഞ്ഞിട്ട് വന്ന മതിയല്ലോ. അപ്പോപ്പിന്നെ അല്ലെങ്കിൽ പിന്നെ അയിനിശേഷം ഈ പൈസ ഡീലിങ് എന്നതേ ഈ ഇലക്ഷൻ ടൈമിൽ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ട് നടക്കലൊന്നും നടക്കില്ല.

പ്രസീത: അല്ല. ഒര് സാർ. സാർ ഒര് കാര്യം കൂടി ഞാൻ അയിനകത്ത് പറയാം. ആറാം തീയതി അങ്ങനെയാണെങ്കിൽ നമ്മള് പത്രസമ്മേളനം വിളിക്കാം എന്നാണ് വിചാരിക്കുന്നത്. ങേ.

സുരേന്ദ്രൻ: ആറാം തീയതി രാവിലെ വന്നോ. ഞാൻ പൈസ തരാം.

പ്രസീത: ങേ. അതാണ് വിചാരിക്കുന്നത്. അങ്ങനെയാണെങ്കിൽ നമ്മുക്ക് അങ്ങോട്ട് കേറാമല്ലോ. എറണാകുളത്ത് വെച്ചിട്ട് തന്നെ പത്രസമ്മേളനം വിളിക്കാം.

സുരേന്ദ്രൻ: അല്ല, ആറാം തിരുവനന്തപുരത്ത് വന്നിട്ട് ഒര് ദിവസം സ്റ്റേ ചെയ്‌തെൽ മതിയെന്ന്. അവിടുന്ന് തന്നെ. ഞങ്ങളൊക്കെ ആറാം തീയതി തിരുവനന്തപുരത്ത് ഉണ്ടാകും.

പ്രസീത: ഓ അതേയാ… എന്ന അവിടുന്ന് തന്നെ എന്നാൽ, പിന്നെ നമുക്ക് പ്രസ്‌ക്ലബ് മീറ്റിങ് വിളിക്കലോ അല്ലെ.

സുരേന്ദ്രൻ: ഓ…. റൈറ്റ്.. റൈറ്റ്. രാവിലെ എത്തിക്കോളൂ ആറാം തീയതി. ഞാന് അവിടെ പറയാം.

പ്രസീത: ഓ ആയിക്കട്ടെ, ആയിക്കോട്ടെ. അപ്പൊ ഒക്കെ. ശരി

സുരേന്ദ്രൻ: ശരി, ശരി.

ജാനുവിന് കെ സുരേന്ദ്രൻ 10 ലക്ഷംരൂപ നൽകി; ബിജെപിയുടെ കുഴൽപ്പണ ഇടപാട് തുറന്നുകാട്ടി ശബ്ദരേഖ.