നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് തോൽവിയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച അശോക് ചവാൻ സമിതി ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകി. റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഉടൻ കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കും.
അമിത ആത്മവിശ്വാസമാണ് പരാജയത്തിന് കാരണമെന്ന് സമിതി വിലയിരുത്തുന്നു. എന്നാൽ റിപ്പോർട്ടിൽ ആരേയും പേരെടുത്ത് കുറ്റപ്പെടുത്തിയിട്ടില്ല. കൂട്ടായ നേതൃത്വം ഉണ്ടായില്ല എന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
കഴിഞ്ഞമാസം പതിനൊന്നിനാണ് പ്രവർത്തക സമിതിയോഗം അശോക് ചവാൻ കമ്മിറ്റിക്ക് രൂപം നൽകിയത്. രണ്ടാഴ്ചയ്ക്കുളളിൽ റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം.
പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നിർദേശങ്ങൾ സമർപ്പിച്ചതായി സമിതിയംഗങ്ങൾ സൂചിപ്പിച്ചു. തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ പിന്തുണ കുറഞ്ഞെന്നും നേതാക്കളുടെ അമിത ആത്മവിശ്വാസം തിരിച്ചടിയായതായും സമിതി വിലയിരുത്തി.
ഓൺലൈന് മുഖാന്തരമാണ് കമ്മിറ്റി വിവരങ്ങൾ ആരാഞ്ഞത്. എംഎൽഎമാർ, എംപിമാർ, മറ്റുജനപ്രതിനിധികൾ, മുതിർന്ന നേതാക്കൾ, മാധ്യമപ്രവർത്തകർ, രാഷ്ട്രീയ നിരീക്ഷകർ എന്നിവരിൽ നിന്നാണ് തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്തിയത്. കേരളം ഉൾപ്പടെയുളള നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട സമഗ്ര റിപ്പോർട്ടാണ് അശോക് ചവാൻ സമിതി സമർപ്പിച്ചത്.